അയർലണ്ടിൽ ബൂസ്റ്റർ ഷോട്ടിനുള്ള ഇടവേള 3 മാസമാക്കി കുറയ്ക്കും; ഒമൈക്രോണിനെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി സർക്കാർ

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാനുള്ള ഇടവേള ആറ് മാസത്തില്‍ നിന്നും മൂന്ന് മാസമായി കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. ഇതോടെ രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് (Janssen ആണെങ്കില്‍ ഒറ്റ ഡോസ്) ബൂസ്റ്റര്‍ ഷോട്ട് മൂന്ന് മാസം കഴിഞ്ഞാലുടന്‍ എടുക്കാം.

രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണ്‍ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഷോട്ട് പദ്ധതി ദ്രുതഗതിയിലാക്കുന്നതിനായി സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാജ്യത്ത് 4,688 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ എട്ടെണ്ണം ഒമൈക്രോണ്‍ ആണ്. ഇതോടെ അയര്‍ലണ്ടിലെ ആകെ ഒമൈക്രോണ്‍ കേസുകള്‍ 18 ആയി ഉയര്‍ന്നു.

ബൂസ്റ്റര്‍ ഷോട്ടിനുള്ള ഇടവേള കുറയ്ക്കാനായി National Immunisation Advisory Committee (Niac) നേരത്തെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന് നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്താലും കാലക്രമേണ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവില്‍ കുറവ് വരുമെന്ന കാര്യം പരിഗണിച്ചാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ലോകത്തെങ്ങുമുള്ള ആരോഗ്യവിദഗ്ദ്ധര്‍ തയ്യാറായത്.

ഇതിന് പുറമെ അയര്‍ലണ്ടില്‍ മൂന്ന് വാക്‌സിന്‍ ഷോട്ട് എടുത്തവര്‍ക്ക് (രോഗപ്രതിരോധശേഷി വളരെ കുറവായ വ്യക്തികള്‍) നാലാമത്തെ ഒരു mRNA വാക്‌സിന്‍ ഷോട്ട് കൂടി ബൂസ്റ്ററായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മൂന്നാമത്തെ ഡോസിന് ശേഷം മൂന്ന് മാസത്തെ ഇടവേളയിലാണ് നാലാം ഷോട്ട് നല്‍കുക.

നേരത്തെ തീരുമാനിച്ച മുന്‍ഗണനാ ക്രമത്തില്‍ തന്നെയാണ് ബൂസ്റ്റര്‍ ഷോട്ടുകളും നല്‍കുക.

രണ്ട് ഡോസ് വാക്‌സിന്‍ പദ്ധതിയുടെ ഭാഗമായി ഒരു ഡോസ് എടുക്കുകയും, ശേഷം കോവിഡ് ബാധിക്കുകയും ചെയ്തവര്‍, രോഗബാധയ്ക്ക് ശേഷം നാല് ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നും Niac നിര്‍ദ്ദേശിക്കുന്നുണ്ട്.

അതേസമയം ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായി വാക്‌സിന്‍ സെന്ററുകളിലെത്തി കുത്തിവെപ്പ് ലഭിക്കാതെ ആയിരക്കണക്കിനാളുകള്‍ മടങ്ങുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇതെത്തുടര്‍ന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അവരോട് ക്ഷമ ചോദിച്ചു. പല വാക്‌സിന്‍ സെന്ററുകളിലും രണ്ടര മണിക്കൂറോളം ബൂസ്റ്റര്‍ ഷോട്ടിനായി കാത്തുനില്‍ക്കേണ്ട സാഹചര്യവുമുണ്ട്.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തിവരികയാണെന്നും, നിങ്ങള്‍ ബൂസ്റ്റര്‍ ഷോട്ടിന് അര്‍ഹരാണെങ്കില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി സൈമണ്‍ ഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി വാക്ക്-ഇന്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ സഹായിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: