വാക്സിനെടുക്കാത്ത ആരോഗ്യപ്രവർത്തകരെ ഡ്യൂട്ടിയിൽ നിന്നും മാറ്റും; കടുത്ത നടപടികളുമായി HSE

ഇനിയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകരെ ഡ്യൂട്ടിയില്‍ നിന്നും മാറ്റുന്നതടക്കമുള്ള കടുത്ത നടപടികളുമായി HSE. ഇതിന്റെ ഭാഗമായി വാക്‌സിന്‍ എടുക്കാത്ത നാഷണല്‍ ആംബുലന്‍സ് സര്‍വീസിലെ ആറ് പാരാമെഡിക്കല്‍ അംഗങ്ങള്‍ക്ക് ഡ്യൂട്ടി മാറ്റിനല്‍കുന്നതായി കാട്ടി HSE കത്തയച്ചു. ഇവരെ ആംബുലന്‍സ് ഡ്യൂട്ടിയില്‍ നിന്നും മാറ്റി HSE-യിലെ തന്നെ മറ്റ് വിഭാഗങ്ങളില്‍ നിയമിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത തരത്തിലുള്ള ഡ്യൂട്ടികളാകും ഇവ.

ഇവര്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാകും ഡ്യൂട്ടി ചെയ്യുക. പക്ഷേ മാറി ഡ്യൂട്ടിയെടുക്കുന്ന കാലയളവില്‍ ഇവര്‍ക്ക് ശമ്പളത്തില്‍ ഉണ്ടായേക്കാവുന്ന അധിക തുക (Premium Pay) നല്‍കില്ലെന്നും നാഷണല്‍ ആംബുലന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

കത്ത് ലഭിച്ചതോടെ അംഗങ്ങളിലൊരാള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത് ജോലിക്ക് തിരികെയെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യം കോവിഡ് മഹാമാരിയിലേയ്ക്ക് കൂപ്പുകുത്തുമ്പോഴും ഇപ്പോഴും ആരോഗ്യപ്രവര്‍ത്തകരടക്കം ധാരാളം പേര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരായുണ്ട്. വാക്‌സിനെടുക്കാത്ത ആരോഗ്യപ്രവര്‍ത്തകരും, രോഗികളും തമ്മിലുള്ള സമ്പര്‍ക്കത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷമാരംഭിച്ച ചര്‍ച്ചയും തര്‍ക്കങ്ങളും ഇപ്പോഴും തുടരുകയുമാണ്.

വാക്‌സിനെടുക്കാത്തവരെ ഡ്യൂട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനുള്ള തീരുമാനം കഴിഞ്ഞ നവംബറിലാണ് HSE എടുത്തത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അത് പ്രാവര്‍ത്തികമാക്കുന്നത്.

നാഷണല്‍ ആംബുലന്‍സ് സര്‍വീസിലെ 98.3% ജോലിക്കാരും വാക്‌സിന്‍ സ്വീകരിച്ചെങ്കിലും, ഇനിയും വ്കാസിനെടുക്കാത്ത ഏതാനും ആളുകള്‍ കൂടിയുണ്ടെന്നാണ് The Journal പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

അയര്‍ലണ്ടിലെ വാക്‌സിനേഷന്‍ പദ്ധതി ആരെയും നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്ന തരത്തിലുള്ളതല്ലെന്ന് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ HSE വക്താവ് വ്യക്തമാക്കി. എന്നാല്‍ വാക്‌സിനെടുക്കാത്തവരെ പ്രധാനജോലികളില്‍ നിന്നും മാറ്റുക എന്നത് HSE നയമാണെന്നും അവര്‍ വിശദീകരിച്ചു. ഈ ഡ്യൂട്ടി മാറ്റം താല്‍ക്കാലികമായിരിക്കും.

രാജ്യത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചതോടെ ആംബുലന്‍സ് ജീവനക്കാര്‍ക്കും ജോലിയേറുകയാണ്. ഈ സാഹചര്യത്തില്‍ രോഗികളുമായി വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് അടുത്ത സമ്പര്‍ക്കമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് HSE നടപടി. രോഗികളുടെയും, ജീവനക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Share this news

Leave a Reply

%d bloggers like this: