ഡബ്ലിൻ Ballyfermot-ൽ 17-കാരിയെയും സുഹൃത്തിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 2 യുവാക്കൾ പിടിയിൽ

ഡബ്ലിനിലെ Ballyfermot-ല്‍ വച്ച് 17-കാരിയെയും, സുഹൃത്തിനെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. Darragh Lyosn (18), Jack Cummins (18) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായാണ് ഗാര്‍ഡ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. ഇരുവരും ഡബ്ലിന്‍ സ്വദേശികളാണ്.

കഴിഞ്ഞ ഡിസംബര്‍ 30-ന് രാത്രി 9.30-ഓടെയാണ് അലാന ക്വിനിനും (17), ആണ്‍സുഹൃത്തിനും നേരെ നാല് പേര്‍ ക്രൂരമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലാന ആശുപത്രിയിലാണ്. ഇവരുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു. അലാനയുടെ സുഹൃത്തിന് കത്തിക്കുത്തിലാണ് പരിക്കേറ്റത്.

അതേസമയം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യത്തില്‍ വിട്ടത്. ഇവര്‍ക്ക് രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ എല്ലാദിവസവും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ജഡ്ജ്, ഇവരെ നിരീക്ഷിക്കാന്‍ ഗാര്‍ഡയെ ചുമതലപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയും, സുഹൃത്തുമായോ, ദൃക്‌സാക്ഷികളുമായോ യാതൊരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. തുടര്‍ന്ന് 200 യൂറോയുടെ ജാമ്യം അനുവദിച്ചു.

ഏപ്രില്‍ 1-ന് ഇവരോട് വീണ്ടും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: