കോവിഡ്: 15,000 HSE ജീവനക്കാർ അവധിയിൽ; ഐസൊലേഷൻ നിയമത്തിൽ ഇളവ് വരുത്തണമെന്ന് ആവശ്യം

കോവിഡ് ഐസൊലേഷന്‍ നിയമങ്ങള്‍ കാരണം HSE-യിലെ 15,000-ഓളം പേര്‍ അവധിയിലെന്ന് റിപ്പോര്‍ട്ട്. കൂട്ട അവധി കാരണം രാജ്യത്തെ ആശുപത്രികളും, മറ്റു സേവനങ്ങളും കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും HSE Chief Operations Officer Anne O’Connor പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച 8,000 പേരാണ് കോവിഡ് കാരണം അവധിയെടുത്തിരുന്നത്. കോവിഡ് ബാധയും, രോഗികളുമായുള്ള സമ്പര്‍ക്കം കാരണമുള്ള ഐസൊലേഷനുമാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍ ഈയാഴ്ച അത് 14,000 മുതല്‍ 15,000 വരെ ആയി ഉയര്‍ന്നു. നിലവില്‍ ആകെ ജീവനക്കാരില്‍ 12 ശതമാനവും അവധിയിലാണെന്നാണ് O’Connor പറയുന്നത്.

സമ്പര്‍ക്കമുണ്ടായാലുള്ള നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ഇളവ് വരുത്താത്ത പക്ഷം ആരോഗ്യസംവിധാനം വലിയ പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തുമെന്ന് HSE ചീഫ് ക്ലിനിക്കല്‍ ഓഫിസറായ Dr. Colm Henry-യും പറഞ്ഞു. ആകെ ജീവനക്കാരില്‍ 10-ല്‍ ഒരാള്‍ വീതം അവധിയിലാണെന്നും, ICU സംവിധാനങ്ങളില്‍ 1,800 പേരുടെ കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ നഴ്‌സിങ് ഹോമുകളിലും 8% ജീവനക്കാര്‍ കോവിഡ് അവധിയിലാണ്.

നിലവില്‍ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ ബൂസ്റ്റര്‍ ഷോട്ട് അടക്കം എടുത്ത ആരോഗ്യപ്രവര്‍ത്തകരാണെങ്കില്‍, സാധാരണക്കാരെ പോലെ അഞ്ച് ദിവസത്തെ ഐസൊലേഷനും, 3 തവണ ആന്റിജന്‍ ടെസ്റ്റുകളുമാണ് നിര്‍ദ്ദേശിക്കുന്നത്.

പുതിയ വകഭേദമായ ഒമൈക്രോണ്‍ ആണ് രാജ്യത്തെ കോവിഡ് ബാധ കുതിച്ചുയരാന്‍ കാരണമായിരിക്കുന്നത്. മുന്‍ വകഭേദമായ ഡെല്‍റ്റയെക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷി ഒമൈക്രോണിനുണ്ടെന്നാണ് കണക്കാക്കുന്നത്. ക്രിസ്മസ് കാലത്തുണ്ടായ വ്യാപകമായ സമ്പര്‍ക്കങ്ങള്‍ രോഗബാധയ്ക്ക് വളമാകുകയും ചെയ്തു. രാജ്യത്ത് 12 മാസത്തിനിടെ ഉണ്ടായ ആകെ കോവിഡ് രോഗികളില്‍ 25% പേര്‍ക്കും വൈറസ് പിടിപെട്ടത് ക്രിസ്മസിന് ശേഷമാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഒമൈക്രോണ്‍ കൂടുതല്‍ ഗുരുതരമായ രോഗം ഉണ്ടാക്കുന്നില്ലെന്ന കണ്ടെത്തല്‍ ആശ്വാസമാണ്. ഡെല്‍റ്റ ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിച്ചതെങ്കില്‍ ഒമൈക്രോണ്‍ മൂക്ക്, തൊണ്ട ഇവയ്ക്കാണ് പൊതുവെ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പക്ഷേ ശ്വാസകോശത്തെ ബാധിച്ചാല്‍ മുന്‍ വകഭേദങ്ങള്‍ പോലെ കടുത്ത രോഗാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.

ഇതിനിടെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ പകുതിയിലേറെ പേരും വാക്‌സിനേറ്റഡ് അല്ല എന്ന കണക്കും ഡോ. ഹെന്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: