അയർലണ്ടിൽ സ്‌കൂൾ തുറന്നെങ്കിലും കുട്ടികൾ വരുന്നില്ല; അദ്ധ്യാപകരുടെ എണ്ണം കുറവായതിനാൽ ക്ലാസുകൾ നടത്താനായില്ലെന്നും റിപ്പോർട്ട്

സ്‌കൂള്‍ തുറന്നെങ്കിലും ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവെന്ന് പ്രിന്‍സിപ്പല്‍മാര്‍. കോവിഡ് ബാധ രൂക്ഷമായതിനിടയിലും സ്‌കൂളുകള്‍ അടച്ചിടേണ്ടെന്ന ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ക്രിസ്മസ് അവധിക്ക് ശേഷം വ്യാഴാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.

എന്നാല്‍ വ്യാഴാഴ്ച 30% മുതല്‍ 40% വിദ്യാര്‍ത്ഥികള്‍ കുറവ് മാത്രമാണ് ക്ലാസുകളിലെത്തിയതെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. ഇതിന് പുറമെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുടെ എണ്ണത്തിലും കുറവ് അനുഭവപ്പെടുന്നുണ്ട്.

വ്യാഴാഴ്ച രാജ്യത്ത് 23,817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദിവസേനയുള്ള കോവിഡ് കേസുകളിലെ റെക്കോര്‍ഡാണിത്. 941 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

കുട്ടികള്‍ സ്‌കൂളുകളില്‍ എത്താത്തതിന് പ്രധാനകാരണം കോവിഡ് രോഗികളുടെ വര്‍ദ്ധനയാണെന്നാണ് കരുതുന്നത്.

സ്‌കൂള്‍ വീണ്ടും തുറന്നെങ്കിലും ആദ്യ ദിനം തീര്‍ത്തും ദുഷ്‌കരമായിരുന്നുവെന്ന് അദ്ധ്യാപകസംഘടനയായ Irish National Teachers Organisation (INTO) പറഞ്ഞു. പ്രവര്‍ത്തനം സാധാരണനിലയിലാകാന്‍ സ്‌കൂളുകളില്‍ നേരത്തെ ഉണ്ടായിരുന്ന കോണ്ടാക്ട് ട്രേസിങ് സംവിധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും INTO ആവശ്യപ്പെട്ടു.

സ്‌കൂളുകളിലെ ജീവനക്കാരില്‍ 15-30% വരെ പേര്‍ അവധിയിലാണെന്നാണ് Association of Secondary Teachers in Ireland-ന്റെ കണക്ക്. 20-25% വരെ പേര്‍ അവധിയിലാണെന്ന് Irish Primary Principals’ Network-ഉം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഡബ്ലിനിലെ Citywest Educate Together National School-ലുള്ള മൂന്ന് ക്ലാസുകള്‍ നടത്താനായില്ലെന്ന് പ്രിന്‍സിപ്പല്‍ Catríona Hand പറഞ്ഞു. വരുംദിവസങ്ങളിലും സമാനസാഹചര്യമുണ്ടാകുമെന്നാണ് ആശങ്കയെന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: