അയർലണ്ടിൽ ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ്; ഒമൈക്രോൺ തീവ്രമായ രോഗത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തൽ

അയര്‍ലണ്ടില്‍ ദിവസേനയുള്ള കോവിഡ് രോഗികളില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഇന്നലെ രാജ്യത്ത് 26,122 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം അയര്‍ലണ്ടില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമധികം കേസുകളാണിത്.

917 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയിുന്നത്. ഇതില്‍ 83 പേര്‍ ഐസിയുവിലാണ്. അതേസമയം ആശുപത്രികളിലെ കോവിഡ് രോഗികളില്‍ മുന്‍ ദിവസത്തെക്കാള്‍ 24 പേരുടെ കുറവുണ്ട്.

ഒമൈക്രോണ്‍ ആണ് രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകാന്‍ കാരണം. അതേസമയം പൊതുവെ ഗുരുതരമായ രോഗത്തിനും, മരണത്തിനും ഒമൈക്രോണ്‍ കാരണമാകില്ലെന്ന് National Public Health Emergency Team (Nphet) കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ വൈറസിനെ ഗൗരവമില്ലാതെ കാണരുതെന്നും, സുരക്ഷാമുന്‍കരുതലുകള്‍ തുടരണമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പ്രത്യേകം പറഞ്ഞു. ചിലരില്‍ ഒമൈക്രോണ്‍ ഗുരുതരമാകാനും സാധ്യതയുണ്ട്.

രാജ്യത്ത് 30-ന് മേല്‍ പ്രായമുള്ള വലിയൊരു വിഭാഗം ആളുകളും ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ തയ്യാറാകാത്തതും ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള വാക്‌സിനുകളുടെ കാലാവധി തീരുമെന്നും ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ 5-11 പ്രായക്കാരായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചു.

Share this news

Leave a Reply

%d bloggers like this: