ഇന്ധനവിപണിയെ ഉലച്ച് റഷ്യ-ഉക്രെയിൻ സംഘർഷം: അയർലണ്ടിൽ പെട്രോൾ വില ലിറ്ററിന് 177 സെന്റ് ആയി ഉയർന്നു

ഉക്രെയിന്‍ പിടിച്ചടക്കാനായി റഷ്യ ഒരുമ്പെടുന്നു എന്ന വാര്‍ത്തയാണ് നിലവില്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്നത്. അധിനിവേശം ഉണ്ടായാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് വ്യക്തമാക്കി യുഎസും, ഉക്രെയിന് സഹായം നല്‍കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയതോടെ മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. അതേസമയം അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കാനായി യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവ ഉക്രെയിനുമായി ചേര്‍ന്ന് റഷ്യന്‍ അധികൃതരുമായി ബുധനാഴ്ച ചര്‍ച്ച നടത്തുകയും, സമാധാനസൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

പക്ഷേ സംഘര്‍ഷസാധ്യത ഉടലെടുത്തതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്നതാണ് നിലവില്‍ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരില്‍ ഒരാളായ റഷ്യ, ഇന്ധന വിതരണം കുറച്ചേക്കുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ആഗോള ക്രൂഡ് ഓയിലിന്റെ 12% ഉല്‍പ്പാദിപ്പിക്കുന്നത് റഷ്യയാണ്. വില വര്‍ദ്ധിച്ചതോടെ ബാരലിന് 90 ഡോളറിലേറെയാണ് നിലവില്‍ നല്‍കേണ്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

തല്‍ഫലമായി അയര്‍ലണ്ടില്‍ ഒറ്റ രാത്രി കൊണ്ട് ഇന്ധനവില ലിറ്ററിന് 2 സെന്റ് വര്‍ദ്ധിച്ചു. ഈയിടെ കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചത് കാരണം 32 ശതമാനത്തോളം വിലയാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയ്ക്ക് അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചത്. ഇതിന് പുറമെയാണ് ഇരുട്ടടിയായി ഈ വില വര്‍ദ്ധന.

രാജ്യത്ത് പെട്രോളിന് ശരാശരി 170.3 സെന്റും, ഡീസലിന് 160.5 സെന്റുമാണ് സാധാരണക്കാര്‍ നല്‍കേണ്ടിവരുന്നതെന്ന് AA Ireland ഈയാഴ്ച ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇന്ന് ചില പെട്രോള്‍ സ്‌റ്റേഷനുകളില്‍ ലിറ്ററിന് 177.7 സെന്റായി വില കുത്തനെ ഉയര്‍ന്നു.

ലോകത്ത് ഇന്ധനവില ഏറ്റവുമുയര്‍ന്ന രാജ്യങ്ങളില്‍ 17-ആം സ്ഥാനത്താണ് അയര്‍ലണ്ട് ഇപ്പോള്‍. യൂറോപ്പില്‍ 12-ആമതും. ഒരു ലിറ്റര്‍ ഇന്ധനത്തിന് 60 ശതമാനവും ടാക്‌സായാണ് പോകുന്നത്. VAT, കാര്‍ബണ്‍ ടാക്‌സ് എന്നിവ ഇതില്‍പ്പെടുന്നു.

സംഘര്‍ഷസാധ്യതയ്ക്ക് അയവ് വന്നെങ്കിലും അടുത്ത രണ്ടാഴ്ചയെങ്കിലും വില ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യത.

Share this news

Leave a Reply

%d bloggers like this: