സുഹൃത്ത് മറ്റൊരാളെ കത്തി കൊണ്ട് കുത്തുന്നത് സ്നാപ്ചാറ്റിൽ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടു; കൗമാരക്കാരന് ഡബ്ലിനിൽ 5 വർഷം തടവ്

സുഹൃത്ത് മറ്റൊരാളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുന്നത് സ്‌നാപ്ചാറ്റില്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട കൗമാരക്കാരന് അഞ്ച് വര്‍ഷം തടവ്. Jason Finnegan എന്ന 19-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

2020 മാര്‍ച്ച് 15-ന് Basin Street-ലെ ഒരു ഫ്‌ളാറ്റിലായിരുന്നു സംഭവം. ഇവിടെ താമസിക്കുന്ന Kenneth Osbourne എന്നയാളില്‍ നിന്നും തനിക്ക് ലഭിക്കാനുള്ള 300 യൂറോ തിരികെ വാങ്ങാനാണ് പരിചയക്കാരനായ Mark Pidgeon (30)-ന് ഒപ്പം ജേസണ്‍ എത്തിയത്. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമാകുകയും, മാര്‍ക്ക് കത്തിയുപയോഗിച്ച് ഓസ്‌ബോണിനെ കുത്തുകയും ചെയ്തു. ഇവര്‍ തമ്മില്‍ വാഗ്വാദം നടത്തുന്നതും, കത്തിക്കുത്തുമെല്ലാം ജേസണ്‍ സ്‌നാപ്ചാറ്റില്‍ റെക്കോര്‍ഡ് ചെയ്തു. മാത്രമല്ല ഓസ്‌ബോണിനെ കുത്താനായി ഇയാള്‍ ആക്രോശിക്കുന്നതും ഒന്നര മിനിറ്റി നീളുന്ന വീഡിയോയില്‍ വ്യക്തമാണ്.

കത്തിക്കുത്തേറ്റ ഓസ്‌ബോണിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, കൈയില്‍ സര്‍ജറി നടത്തേണ്ടിവരികയും ചെയ്തു.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ജേസണ്‍, ഡബ്ലിനില്‍ രണ്ട് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും പിന്നീട് കണ്ടെത്തിയിരുന്നു. മറ്റൊരു സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഇയാള്‍. ഈ കേസുകളിലും ജേസണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

കൃത്യങ്ങള്‍ നടത്തിയ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നെങ്കില്‍ ഉടനടി ജേസണെ ജയിലില്‍ അയയ്ക്കുമായിരുന്നു എന്ന് പറഞ്ഞ ജഡ്ജ്, ഇത്തരത്തില്‍ ആളുകളെ ഭീഷണിപ്പെടുത്തുന്ന പ്രവൃത്തികള്‍ അംഗീകരിക്കാവുന്നതല്ലെന്നും വ്യക്തമാക്കി.

ജേസണ് 2016-ല്‍ സഹോദരനെ നഷ്ടപ്പെട്ടതും, മാനസികമായ സമ്മര്‍ദ്ദവുമെല്ലാം കണക്കിലെടുത്ത ജഡ്ജ്, അഞ്ച് വര്‍ഷം വിധിച്ച ശിക്ഷ പിന്നീട് രണ്ടര വര്‍ഷമാക്കി കുറച്ചു. അതേസമയം ശിക്ഷ കഴിഞ്ഞുള്ള രണ്ടര വര്‍ഷം കര്‍ശനമായ ഉപാധികള്‍ പാലിക്കണം. നിലവില്‍ ജേസണ്‍ മാനസികസമ്മര്‍ദ്ദത്തിന് സഹായം തേടുന്നുണ്ടെന്ന കാര്യവും ഇയാളുടെ വക്കീല്‍ കോടതിയെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: