കോവിഡ് മഹാമാരി കാരണം വിമാനയാത്ര മുടങ്ങി; രണ്ട് വർഷത്തിന് ശേഷവും ടിക്കറ്റ് തുക റീഫണ്ട് ലഭിക്കാതെ അനേകം പേർ

കോവിഡ് കാരണം ക്യാന്‍സലായ വിമാന ടിക്കറ്റുകളുടെ പണം റീഫണ്ട് ലഭിക്കാന്‍ രണ്ട് വര്‍ഷത്തിനിപ്പുറവും കാത്തിരിക്കുന്നത് അനവധി പേര്‍. 2020 ആദ്യത്തോടെ ലോകമെങ്ങും കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോള്‍ വിമാനയാത്രകള്‍ വ്യാപകമായി ക്യാന്‍സല്‍ ചെയ്യപ്പെടുകയും, അതുവഴി ലക്ഷക്കണക്കിന് പേരുടെ ടിക്കറ്റ് റദ്ദാകുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തിനിപ്പുറവും ഈ തുക പലര്‍ക്കും തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ അവര്‍ ഉടന്‍ തന്നെ തങ്ങളുടെ ഓഫിസുമായി ബന്ധപ്പെടണമെന്ന് European Consumer Centre (ECC) അറിയിച്ചു. നിയമപ്രകാരം ഈ തുക തിരികെ നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്നും ECC വ്യക്തമാക്കി.

റീഫണ്ട് ലഭിക്കാത്തവര്‍ക്ക് ഉടന്‍ തന്നെ അത് ലഭ്യമാക്കുമെന്ന് ECC-യുടെ ഡബ്ലിന്‍ ഓഫിസിലെ ഉദ്യോഗസ്ഥനായ ഡോ. സിറില്‍ സള്ളിവനും പറഞ്ഞു. യൂറോപ്പിലെ വിമാനക്കമ്പനിയില്‍ നിന്നും ടിക്കറ്റ് എടുത്തിട്ടും, അത് ക്യാന്‍സലായ ശേഷം റീഫണ്ട് ലഭിക്കാത്ത ഐറിഷ് പൗരന്മാര്‍ ഓഫിസിലെത്തി കാര്യം ബോധിപ്പിക്കണമെന്നും, അല്ലെങ്കില്‍ eccireland.ie എന്ന വെബ്‌സൈറ്റില്‍ പരാതി നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം ബ്രിട്ടിഷ് എയര്‍ലൈനുകളും ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: