വിലക്കയറ്റത്തിൽ സർക്കാർ പഴി കേൾക്കുന്നതിനിടെ അഭിപ്രായ വോട്ടെടുപ്പിൽ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയായി Sinn Fein

കോവിഡ് കാലത്തിനിനിടെയുള്ള ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന എന്നിവയ്ക്ക് ഐറിഷ് സര്‍ക്കാര്‍ പഴികളേറ്റുവാങ്ങുന്നതിനിടെ നടന്ന അഭിപ്രായവോട്ടെടുപ്പില്‍, രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രധാന പ്രതിപക്ഷമായ Sinn Fein-നെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷികളായ പാര്‍ട്ടികളെക്കാളും ഏറെ മെച്ചപ്പെട്ട ജനപിന്തുണയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് നിലവില്‍ ലഭിക്കുന്നതെന്നും Sunday Times/ Behaviour and Attitude Poll വ്യക്തമാക്കുന്നു.

പുതിയ സര്‍വേ പ്രകാരം Sinn Fein-നെ 34% ജനങ്ങളാണ് പിന്തുണയ്ക്കുന്നത്. ജനുവരി 23 മുതല്‍ ഈ പിന്തുണ മാറ്റമില്ലാതെ തുടരുകയാണ്.

പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്റെ ഭരണകക്ഷി പാര്‍ട്ടിയായ Fianna Fail-ന് 25% പേരുടെ പിന്തുണയുണ്ട്. മുന്‍ സര്‍വേയില്‍ ഇത് 24% ആയിരുന്നു. പക്ഷേ ലിയോ വരദ്കര്‍ നയിക്കുന്ന മറ്റൊരു ഭരണകക്ഷി പാര്‍ട്ടിയായ Fine Gael-ന്റെ പിന്തുണ 2% കുറഞ്ഞ് 20 ശതമാനത്തിലേയ്ക്ക് എത്തി.

ഗ്രീന്‍ പാര്‍ട്ടി മുന്‍ സര്‍വേയില്‍ നിന്നും രണ്ട് പോയിന്റ് കൂടി വര്‍ദ്ധിപ്പിച്ച് 5% പേരുടെ പിന്തുണയിലേയ്ക്ക് എത്തിയിട്ടുണ്ട്. സോഷ്യല്‍ ഡെമോക്രാറ്റ്‌സിന് നിലവില്‍ 2% പേരുടെ പിന്തുണയുണ്ട്. നേരത്തെ ഇത് 1% ആയിരുന്നു. Solidarity People Before Profit-ന്റെ പിന്തുണ രണ്ടില്‍ നിന്നും 1% ആയി കുറയുകയും ചെയ്തു.

സ്വതന്ത്രര്‍ ഒരു പോയിന്റ് വര്‍ദ്ധിപ്പിച്ച് ജനപ്രീതി 9% ആയി ഉയര്‍ത്തി.

നേതാക്കളില്‍ 51% ജനപിന്തുണയുമായി മീഹോള്‍ മാര്‍ട്ടിനും, മേരി ലൂ മക്‌ഡൊണാള്‍ഡും ഒപ്പത്തിനൊപ്പമാണ്. ഇരുവരും യഥാക്രമം മൂന്ന്, രണ്ട് പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചു. ഉപപ്രധാനമന്ത്രി ലിയോ വരദ്കറിന്റെ ജനപ്രീതി മൂന്ന് പോയിന്റ് വര്‍ദ്ധിച്ച് 44% ആയി. ഗ്രീന്‍ പാര്‍ട്ടി നേതാവ് ഈമണ്‍ റയാന് 33% പേരുടെ പിന്തുണയുണ്ട്.

സര്‍ക്കാരിന്റെ ആകെ ജനപ്രീതി 46% ആണ്. മുന്‍ സര്‍വേയെക്കാള്‍ 2% അധികമാണ് ഇതെന്നതിനാല്‍ നിലവിലെ വിലക്കയറ്റവും മറ്റും സര്‍ക്കാരിനെ കാര്യമായി ബാധിച്ചില്ലെന്ന് വേണം അനുമാനിക്കാന്‍.

വോട്ടിങ് അവകാശമുള്ള 928 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ജനുവരി 27 മുതല്‍ ഫെബ്രുവരി 8 വരെയാണ് മുഖാമുഖമുള്ള സര്‍വേ നടന്നത്.

Share this news

Leave a Reply

%d bloggers like this: