യുക്രൈന്‍ വിട്ടെത്തുന്നവരെ സ്വീകരിക്കാനായി പ്രത്യേക അധികാരങ്ങള്‍ പ്രയോഗിക്കാന്‍ അയര്‍ലന്റ് സര്‍ക്കാര്‍

യുദ്ധസാഹചര്യത്തില്‍ ഉക്രൈന്‍ വിട്ടെത്തുന്നവരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക അധികാരങ്ങള്‍ പ്രയോഗിക്കുമെന്ന് ഐറിഷ് ജൂനിയര്‍ മിനിസ്റ്റര്‍ Damien English. ശനിയാഴ്ച RTE റേഡിയോ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

രാജ്യത്തേക്കെത്തുന്ന ഉക്രൈന്‍ സ്വദേശികളെ താമസിപ്പിക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും, ഹോട്ടലുകളും, താമസസൗകര്യങ്ങളുള്ള മറ്റു സ്ഥലങ്ങളും കണ്ടെത്തുമെന്നും, ആവശ്യമെങ്കില്‍ എമര്‍ജന്‍സി പ്ലാനിങ് പവറുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുന്‍പ് ഭവനരഹിതരായ ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക അധികാരങ്ങള്‍ പ്രയോഗിച്ച സര്‍ക്കാര്‍ നടപടികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സര്‍ക്കാര്‍ എടുക്കാനിരിക്കുന്ന നടപടികളിലൂടെ ഉക്രൈന്‍ സ്വദേശികള്‍ക്ക് അയര്‍ലന്റിലേക്കെത്താനും, ഇവിടെ താത്കാലികമായി ജോലി ചെയ്യാനുമുള്ള അവസരമൊരുങ്ങുമെന്നും Damien English പറഞ്ഞു. ഉക്രൈന്‍ അഭയാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നുനല്‍കിയ യൂറോപ്യന്‍ രാജ്യങ്ങളുടെയും നടപടികളെ പ്രശംസിക്കാനായും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിലെ കണക്കുകളനുസരിച്ച് 600 ഓളം ഉക്രൈന്‍ വംശജരാണ് യുദ്ധഭൂമിയില്‍ നിന്നും രക്ഷതേടി അയര്‍ലന്റിലേക്കെത്തിയത്. റഷ്യയുടെ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ ഇരുപതിനായിരത്തോളം അഭയാര്‍ഥികള്‍ അയര്‍ലന്റിലേക്കെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഡയറക്ട് പ്രൊവിഷന്‍ സംവിധാനത്തിന് കീഴില്‍ ഇത്രയും അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളില്ലെന്ന് ഐറിഷ് റെഫ്യൂജി കൗണ്‍സില്‍ സി.ഇ.ഒ Nick Henderson പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരം നടപടികള്‍ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. Damien English പങ്കെടുത്ത അതേ റേഡിയോ പരിപാടിയില്‍ സംസാരിക്കുകായിരുന്നു Nick Henderson.

Share this news

Leave a Reply

%d bloggers like this: