അയർലണ്ടിലെ കോവിഡ് നിയന്ത്രങ്ങൾ നീക്കിയത് ‘ക്രൂരം’; വിമശനവുമായി WHO; പുതുതായി 23,702 രോഗികൾ

അയര്‍ലണ്ടിലെ കോവിഡ് സ്ഥിതി രൂക്ഷമാക്കിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനങ്ങളോട് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അഭ്യര്‍ത്ഥന നടത്തണമെന്ന ആവശ്യം ആരോഗ്യവിദഗ്ദ്ധര്‍ വീണ്ടുമുയര്‍ത്തിയിരിക്കുകയാണ്.

നിലവില്‍ ഒമിക്രോണിന്റെ രണ്ടാം തരംഗത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മാസ്‌കുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയത് തിരിച്ചടിയായതായും വിലയിരുത്തലുകളുണ്ട്.

രണ്ടാം തരംഗത്തെ നേരിടാന്‍ മാസ്‌കുകളും, സാനിറ്റൈസറുകളും, കൃത്യമായ കൈ കഴുകലും അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒമിക്രോണിന് വ്യാപനശേഷി അധികമാണെന്ന കാര്യവും കണക്കിലെടുക്കണം.

ആശുപത്രി ഐസിയുവില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലും ഒരു ദിവസത്തിനിടെ വന്‍ വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. ഐസിയു രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ 49-ല്‍ നിന്നും 61 ആയാണ് ഉയര്‍ന്നത്. 1,338 പേരാണ് കോവിഡ് ബാധ കാരണം രാജ്യത്ത് ആശുപത്രി ചികിത്സയിലുള്ളത്.

ഇതിനിടെ നിലവില്‍ അയര്‍ലണ്ട് കോവിഡ് മഹാമാരിയെ നേരിടുന്ന ശൈലിയെ വിമര്‍ശിച്ചുകൊണ്ട് World Health Organisation (WHO)-നും രംഗത്തെത്തി. കേസുകള്‍ റെക്കോര്‍ഡിലേയ്ക്ക് കുതിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ എടുത്തമാറ്റിയതിനെ ‘ക്രൂരം’ എന്നാണ് WHO വിശേഷിപ്പിച്ചത്. ഇതാണ് കേസുകള്‍ അമിതമായി വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നും വിമര്‍ശനത്തില്‍ പറയുന്നു.

യൂറോപ്പിലെ 53 രാജ്യങ്ങളില്‍ 18 എണ്ണത്തിലും ഒരാഴ്ചയ്ക്കിടെ കോവിഡ് വ്യപനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് WHO regional director Hans Kluge പറഞ്ഞു. യു.കെ, അയര്‍ലണ്ട്, ഗ്രീസ്, സൈപ്രസ്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളില്‍ വ്യാപനത്തോത് അധികമാണ്. ഈ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ വളരെയേറെ കുറച്ചിരിക്കുകയാണെന്നും, അത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: