Tesco സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കവേ, ഉപഭോക്താവിന്റെ ചെവി കടിച്ചെടുത്ത കേസില്‍ മോഷ്ടാവ് വിചാരണ നേരിടുന്നു. 2021 മെയ് 15-ന് Cabra-യിലെ Navan Road-ലുള്ള Tesco സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം.
Liam Dowds എന്ന 40-കാരനാണ് മാര്‍ക്കറ്റില്‍ നിന്നും റേസറുകള്‍, ആട്ടിറച്ചി, ഷാംപെയിന്‍ എന്നിവ മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥനും, ഷോപ്പ് മാനേജറും ഇയാളെ തടയാന്‍ ശ്രമിക്കവേ അവരെ സഹായിക്കാനാണ് മറ്റൊരു ഉപഭോക്താവായ David Cunningham എത്തിയത്. എന്നാല്‍ പ്രതിയായ ഡൗഡ്‌സ്, ഡേവിഡിനെ തല കൊണ്ട് ഇടിക്കുകയും, ഒടുവില്‍ ഡേവിഡിന്റെ ചെവി കടിച്ചുപറിച്ച ശേഷം വായിലിട്ട് ചവച്ചിറക്കുകയും ചെയ്തു.
മയക്കുമരുന്നിന് അടിമയാണോ എന്ന ചോദ്യത്തിന് അതെ എന്നും, തനിക്ക് എച്ച്‌ഐവി ഉണ്ടെന്നുമാണ് പ്രതിയായ ഡൗഡ്‌സ് ഗാര്‍ഡയോട് പറഞ്ഞത്. ശേഷം അറസ്റ്റ് ചെയ്ത് സ്‌റ്റോഷനിലെത്തിച്ചപ്പോഴും പ്രതി അക്രമം തുടര്‍ന്നതായി ഗാര്‍ഡ കോടതിയില്‍ മൊഴി നല്‍കി.
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും, മയക്കുമരുന്നിന് അടിമയാണെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ മോഷണം അടക്കം 14 കേസുകള്‍ ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ട് സ്വദേശിയാണ് ഡൗഡ്‌സ്.
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന കാര്യം അംഗീകരിച്ച കോടതി, ചെവി കടിച്ചുപറിച്ച ശേഷം തനിക്ക് എച്ച്‌ഐവി ഉണ്ടെന്ന് പറയുന്നത് ഇരയോടുള്ള ക്രൂരതയാണെന്നും നിരീക്ഷിച്ചു.
കേസ് പരിഗണിക്കുന്നത് ജൂലൈ 8-ലേയ്ക്ക് മാറ്റിയ കോടതി അന്ന് വിധിയും പറയും.