എല്ലാവരുമുണ്ട് പക്ഷെ നഴ്സുമാരില്ല; കോവിഡ് അഡ്വൈസറി ഗ്രൂപ്പിൽ നിന്നും നഴ്‌സിങ് പ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധം

സര്‍ക്കാരിന്റെ പുതിയ Covid-19 Advisory Group-ല്‍ നഴ്‌സുമാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി Irish Nurses and Midwives Organisation (INMO). നിലവിലെ National Public Health Emergency Team (Nphet) പിരിച്ചുവിട്ട്, ഭാവിയില്‍ കോവിഡ് പ്രതിരോധം എങ്ങനെയായിരിക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് പുതിയ Covid-19 Advisory Group-ന് സര്‍ക്കാര്‍ വെള്ളിയാഴ്ച രൂപം നല്‍കിയത്.

20 പേരോളം അംഗങ്ങളായുള്ള ഗ്രൂപ്പില്‍ മുന്‍ Nphet അംഗങ്ങളായ Dr Tony Holohan, Dr Ronan Glynn, Dr Colm Henry, Professor Philip Nolan, Professor Mary Horgan എന്നിവരുണ്ട്. പ്രൊഫസര്‍മാരായ Luke O’Neill, Paddy Mallon എന്നിവരും, മറ്റ് പ്രൊഫസര്‍മാര്‍, ലക്ചറര്‍മാര്‍ എന്നിവരും അംഗങ്ങളാണെങ്കിലും കോവിഡ് പ്രതിരോധത്തിലെ മുന്‍ നിര പോരാളികളായ നഴ്‌സുമാരെ പ്രതിനിധീകരിച്ച് ഒരാള്‍ പോലുമില്ല.

ഗ്രൂപ്പില്‍ നിന്നും നഴ്‌സുമാരെ ഒഴിവാക്കുക വഴി സര്‍ക്കാര്‍ പിഴവ് വരുത്തിയിരിക്കുകയാണെന്ന് INMO പ്രതികരിച്ചു. മഹാമാരിയെ നേരിടുന്നതില്‍ അയഥാര്‍ത്ഥമായ സമീപനമാണ് സര്‍ക്കാര്‍ ഇതിലൂടെ എടുക്കുന്നതെന്നും സംഘടന വിമര്‍ശനമുന്നയിച്ചു.

‘ആരോഗ്യരംഗത്തെ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയാണ് സര്‍ക്കാര്‍,’ INMO ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി Edward Mathews പറഞ്ഞു.

ആരോഗ്യരംഗത്ത് കോവിഡ് കാരണം പ്രതിസന്ധികളുണ്ടാകുന്നത് തുടരുമെന്നും, മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെന്ന നിലയ്ക്ക് ഈ സാഹചര്യത്തില്‍ രോഗം സംബന്ധിച്ച് ഏത് സമയവും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ നഴ്‌സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയൊരു വിഭാഗമായ നഴ്‌സുമാരെ അഡൈ്വസറി ഗ്രൂപ്പില്‍ പ്രതിനിധീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത് പിഴവാണ്, അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: