അയർലണ്ടിലെ ഭവനവില ആഴ്ചകൾക്കകം റെക്കോർഡിലെത്തും; ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേയ്ക്കെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ ഭവനവില വൈകാതെ തന്നെ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലേയ്ക്ക് എത്തിപ്പെടുമെന്ന് പ്രവചനം. 2007-ലെ കെല്‍റ്റിക് ടൈഗര്‍ കാലത്തുള്ള നിരക്കിനെക്കാള്‍ വെറും 2% താഴെ മാത്രമാണ് നിലവിലെ നിരക്കെന്നും, ആഴ്ചകള്‍ക്കകം അതിനെ മറികടക്കുന്ന തരത്തില്‍ വില വര്‍ദ്ധിക്കുമെന്നുമാണ് ഭവനമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഭനവനില വര്‍ദ്ധിച്ചത് 15.3% ആണ്. ഡബ്ലിനെ മാറ്റി നിര്‍ത്തിയാല്‍ ഇത് 16.8 ശതമാനവുമാണ്. തുടര്‍ച്ചയായ 18 മാസങ്ങളില്‍ വില വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തല്‍സ്ഥിതി തുടര്‍ന്നാല്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ തന്നെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലേയ്ക്ക് ഭവനവില എത്തിപ്പെടുമെന്ന് KBC-യുടെ ചീഫ് എക്കണോമിസ്റ്റായ ഓസ്റ്റിന്‍ ഹ്യൂഗ്‌സ് പറയുന്നു. അതേസമയം നിലവില്‍ വില്‍പ്പന കരാറായ പല വീടുകളും ഇപ്പോള്‍ തന്നെ റെക്കോര്‍ഡ് വിലയ്ക്കായിരിക്കും വില്‍ക്കപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

ഭവനപ്രതിസന്ധി കഴിഞ്ഞ ഏതാനും കാലങ്ങളായി നിലനില്‍ക്കുന്നതാണെങ്കിലും നിലവില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം ആവശ്യത്തിന് വീടുകള്‍ ലഭിക്കാത്തതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി, ഓരോ വര്‍ഷവും നേരത്തെ ഉണ്ടായിരുന്നതിലും പുതിയ 7,000 വീടുകള്‍ കുറവ് മാത്രമാണ് സാധരണക്കാര്‍ക്ക് ലഭ്യമാകുന്നതെന്ന് ഹൗസിങ് പോളിസി വിദഗ്ദ്ധനായ Lorcan Sirr പറയുന്നു. ബാക്കിയുള്ളവ വാടകയ്‌ക്കോ, സോഷ്യല്‍ ഹൗസിങ്ങിനായോ ആണ് പോകുന്നത്. ഇതും ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

അതേസമയം പുതിയ വീടുകളുടെ നിര്‍മ്മാണം ഈ അഞ്ച് വര്‍ഷത്തിനിടെ 50% വര്‍ദ്ധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ഫസ്റ്റ് ടൈം ബയേഴ്‌സിന് അടക്കമുള്ളവര്‍ക്ക് ആവശ്യത്തിന് വീടുകള്‍ ലഭിക്കുന്നില്ല എന്നതാണ് കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2017-ല്‍ ആകെ നിര്‍മ്മിച്ച വീടുകളില്‍ 50 ശതമാനവും സാധാരണക്കാര്‍ക്ക് വാങ്ങാനായി വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു. എന്നാല്‍ 2021-ല്‍ ആകെ നിര്‍മ്മിച്ച വീടുകളില്‍ 28% മാത്രമാണ് പൊതുവിപണിയില്‍ വില്‍പ്പനയ്ക്ക് വച്ചത്.

കോവിഡ് കാലത്ത് ആളുകള്‍ വീട് വാങ്ങാനായി പണം സ്വരൂപിച്ച് വച്ചതും ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ കാരണമായി.

Share this news

Leave a Reply

%d bloggers like this: