സുപ്രധാന മാറ്റത്തിനൊരുങ്ങി അയർലണ്ടിലെ ഉന്നതവിദ്യാഭ്യാസമേഖല; വിദ്യാർത്ഥികളുടെ ഫീസ് കുറയും, 307 മില്യന്റെ അധിക ഫണ്ടിങ് ലഭ്യമാക്കിയെന്നും മന്ത്രി

അയര്‍ലണ്ടിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. ഐറിഷ് വിദ്യാര്‍ത്ഥികളുടെ കോളേജ് ഫീസില്‍ ഇളവുകള്‍ നല്‍കുമെന്നതടക്കമുള്ള പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങളാണ് ഉന്നതവിദ്യാഭ്യാസമന്ത്രി സൈമണ്‍ ഹാരിസ് കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. മേഖലയില്‍ പുതുതായി 307 മില്യണ്‍ യൂറോയുടെ അധികനിക്ഷേപം നടത്തുമെന്ന് പറഞ്ഞ ഹാരിസ്, ഇത് അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ റാങ്കിങ് മുകളിലേയ്ക്ക് നയിക്കാന്‍ കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഫണ്ടിങ്ങിലൂടെ കൂടുതല്‍ ലക്ചറര്‍മാരെ നിയമിക്കുമെന്നും, വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫണ്ടിങ് എന്നത് അയര്‍ലണ്ടിന് വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്. 2016-ലെ Cassells report ആണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ ഒരു ദിശാബോധം നല്‍കാന്‍ സഹായിച്ചത്. ഇതോടെയാണ് മേഖലയെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതും.

ഏറെക്കാലമായി മേഖല അനുഭവിക്കുന്ന ഫണ്ടിങ് വരള്‍ച്ചയ്ക്ക് ഇപ്പോള്‍ പരിഹാരമാകുകയാണെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി ഹാരിസ് പറഞ്ഞു. സ്റ്റുഡന്റ് ഗ്രാന്റുകളിലും പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും, സ്റ്റുഡന്റ് മെയിന്റനന്‍സ് ഗ്രാന്റ് വര്‍ഷത്തില്‍ കുറഞ്ഞത് 200 യൂറോ ആക്കി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തെ 62,000 വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടും.

അതേസമയം ഫീസ് അഥവാ സ്റ്റുഡന്റ് കോണ്‍ട്രിബ്യൂഷന്‍ ചാര്‍ജ്ജ് എത്രയാണ് കുറയ്ക്കുക എന്നത് സംബന്ധിച്ചോ, എന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നോ തനിക്ക് ഇപ്പോള്‍ പറായാന്‍ സാധിക്കില്ലെന്നും ഹാരിസ് വ്യക്തമാക്കി. 2023 ബജറ്റിലാകും (അവതരിപ്പിക്കുക ഈ വര്‍ഷം ഒക്ടോബറില്‍) ഇക്കാര്യം സംബന്ധിച്ച് വ്യക്തത വരിക. എന്നാല്‍ പുതിയ ഫണ്ടിങ് പ്ലാന്‍ എന്നത് ഈ സര്‍ക്കാരിന്റെ പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റുഡന്റ് ലോണ്‍ എന്നത് ഔദ്യോഗികമായി ഒഴിവാക്കിയതായും, ലോണ്‍ എന്നത് താന്‍ ഒരിക്കലും അംഗീകരിക്കാതിരുന്ന കാര്യമാണന്നും ഹാരിസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളജില്‍ നിന്നും പഠിച്ചിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളെ വലിയ സാമ്പത്തികബാധ്യതയില്‍ കൊണ്ടുചെന്നെത്തിക്കുന്ന സംഗതിയാണത്.

ജോലിക്കാരുടെ ലെവി വര്‍ദ്ധിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: