സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. നിക്ഷേപങ്ങളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് സ്വിറ്റ്സര്‍ലന്റ് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട വാര്‍ഷിക ഡാറ്റയില്‍ പറയുന്നു. ഇതുപ്രകാരം 3.83 ബില്യണ്‍‍ സ്വിസ് ഫ്രാങ്കാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തുക. വ്യക്തികളുടെയും, വിവിധ ബാങ്കുകളുടെയും, സംരംഭങ്ങളുടെയും നിക്ഷേപങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

അതേസമയം ഇത് നിയമപരമായ നിക്ഷേപങ്ങളാണെന്നും, മറിച്ച് കളളപ്പണമല്ല എന്നുമാണ് സ്വിസ് അധികൃതര്‍‍ നല്‍കുന്ന വിശദീകരണം. ഇന്ത്യയുടെ കള്ളപ്പണത്തിനും, നികുതിവെട്ടിപ്പിനുമെതിരായ പോരാട്ടത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്ന് സ്വിസ് അധികൃതര്‍ ഇതിനുമുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല 2018 മുതല്‍ നികുതി വിവരങ്ങള്‍ പരസ്പരം കൈമാറാനും ഇരുരാജ്യങ്ങളും ധാരണയിലുമെത്തിയിരുന്നു. ഇതുപ്രകാരം ഓരോ വര്‍ഷവും സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ അക്കൌണ്ട് വിവരങ്ങള്‍ അധികൃതര്‍ ഇന്ത്യക്ക് കൈമാറുന്നുണ്ട്. പ്രഥമദൃഷ്ട്യാ ക്രമക്കേടുകള്‍ കണ്ടെത്തിയ നൂറ് കണക്കിന് അക്കൗണ്ട് വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്റ് ഇന്ത്യക്ക് കൈമാറിയിട്ടുമുണ്ട്.

സ്വിസ് ബാങ്കിലെ നിക്ഷേപങ്ങളില്‍ യു.കെയാണ് മുന്നിലുള്ളത്. 379 ബില്യണ്‍ സ്വിസ് ഫ്രാങ്കാണ് യു.കെയില്‍ നിന്നുള്ള ആകെ നിക്ഷേപം. 168 ബില്യണ്‍ ഫ്രാങ്കുമായി യു.എസ് ആണ് രണ്ടാമത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നുവരികയാണ്. വിദേശബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പറഞ്ഞത് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നില്ലേ? എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തി. ‍സി.പി,ഐ.എം അടക്കമുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: