അയർലൻഡിൽ കഴിഞ്ഞ വർഷം 450 വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നതായി റിപ്പോർട്ട്, പകുതിയോളം രാജ്യതലസ്ഥാനത്ത്

കഴിഞ്ഞ വർഷം അയർലൻഡിലുടനീളം 450 വിദ്വേഷ കുറ്റകൃത്യങ്ങളും (Hate Crime) അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തിയതായി ഗാർഡ റിപ്പോർട്ട്. രാജ്യത്ത് 389 വിദ്വേഷ കുറ്റകൃത്യങ്ങളും 59 വിദ്വേഷവുമായി ബന്ധപ്പെട്ട സംഭവങ്ങളും നടന്നതായാണ് ഗാർഡയുടെ ഏറ്റവും പുതിയ Hate Crime കണക്കുകൾ വ്യക്തമാക്കുന്നത്.

വിദ്വേഷത്തിന്റെ പേരിലാണ് നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് കണക്കുകൾ വിലയിരുത്തിയ ഗാർഡ വക്താവ് സൂചിപ്പിച്ചു. മൊത്തം കുറ്റകൃത്യങ്ങളിൽ 44 ശതമാനവും വംശീയതയുടെ പേരിലാണ് ,15 ശതമാനം ലിംഗാധിഷ്ഠിതവും, കൂടാതെ 14 ശതമാനം Hate Crime നടന്നത് ദേശീയതയുടെ പേരിലുമാണ്.

2021-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളിൽ 50% വും ഡബ്ലിൻ മെട്രോപൊളിറ്റൻ മേഖലയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.അയർലൻഡിന്റെ തെക്കൻ മേഖലയിൽ (19%), വടക്ക്-പടിഞ്ഞാറൻ മേഖലയിൽ (16%) കിഴക്കൻ മേഖലയിൽ (15%) എന്നിങ്ങനെയാണ് വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നത്.

ഡബ്ലിൻ സിറ്റി സെന്ററിൽ എൽജിബിടിക്യു+ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കെതിരെ നിരവധി ആക്രമണങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രാത്രി വൈകി ഡബ്ലിനിൽ ബസിൽ സഞ്ചരിച്ച ഒരു യുവാവ് ക്രൂരമായ ആക്രമണത്തിനിരയായതാണ് ഏറ്റവുമൊടുവിലത്തെ സംഭവം.ഇതേതുടർന്ന് പൊതുഗതാഗത സംവിധാനങ്ങളിൽ ഗാർഡയുടെ സാന്നിധ്യം വേണമെന്ന് സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.

ഒരാളുടെ വംശം,പ്രായം, വൈകല്യം, നിറം, ദേശീയത, മതം, ജൻഡർ എന്നിവയിലേതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തിൽ മുൻവിധിയോടെ ശത്രുതാപരമായി ഒരാളോട് പെരുമാറുന്ന ഏതൊരു സംഭവവും വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കാം.

“അയർലൻഡിൽ ജീവിക്കുന്ന എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ അവകാശമുണ്ട്. വിവിധ കാരണങ്ങളാൽ ഇരകളിൽ പലർക്കും മാനസ്സിക ശാരീരിക ബുദ്ധിമുട്ടുകളാണ് ഇത്തരം ആക്രമണങ്ങൾ സൃഷ്ടിക്കുന്നത്..അതിനാൽ ഏതെങ്കിലും വിധത്തിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ നേരിടേണ്ടി വന്നാൽ ഗാർഡയിൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അസിസ്റ്റന്റ് കമ്മീഷണർ Paula Hilman അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: