വെസ്റ്റ്മീത്തിൽ കാറിന് തീ പിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിൽ

അയര്‍ലന്‍ഡിലെ വെസ്റ്റ്മീത്ത് കൗണ്ടിയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. Lackan ലെ റോഡില്‍ കാര്‍ തീപിടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന ആണ്‍കുഞ്ഞിനെ പുറത്തെടുക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തുകയും ചെയ്തു. ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ സ്ത്രീയെ എയര്‍ ആംബുലന്‍സിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. മരണപ്പെട്ട രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ മിഡ്‍ലാന്റ് റീജിയണില്‍ ഹോസ്പിറ്റലിലാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഗാര്‍ഡ ടെക്‌നിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ അപകടം നടന്ന സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തി. അപകടത്തില്‍ കത്തിക്കരിഞ്ഞ കാര്‍ സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്. കാറിന്റെ ഫോറന്‍സിക് പരിശോധനകള്‍ ഇന്ന് നടക്കും. സ്റ്റേറ്റ് പത്തോളജിസ്റ്റ് ഡോക്ടര്‍ സാലി ആന്‍ കോളിസിന്റെ നേതൃത്വത്തിലുള്ള പരിശോധനകളും സംഭവസ്ഥലത്ത് നടന്നു. ഡോക്ടര്‍ കോളിസിന്റെ നേതൃത്വത്തില്‍ രണ്ടു കുട്ടികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് മി‍ഡ്‍ലാന്റ് ഹോസ്പിറ്റലില്‍ നടക്കും.

ഫോറന്‍സിക് പരിശോധനാ ഫലത്തിന്റുെയും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുകയെന്ന് ഗാര്‍ഡ അറിയിച്ചു. കേസ് സംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനായി Mullingar ഗാര്‍ഡ സ്റ്റേഷനില്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക ഇന്‍സിഡന്റ് റൂം സജ്ജമാക്കിയിട്ടുണ്ട്.

അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ Mullingar ഗാര്‍ഡ സ്റ്റേഷനിലോ (044 9384000), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800 666 11) , അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ വിവരമറിയിക്കണെന്നും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: