അയർലൻഡിലെ സ്കൂൾ ട്രാൻസ്‌പോർട് സംവിധാനം ‘അവതാളത്തിൽ’ ; അടുത്ത വർഷം മുതൽ ഫീസ് ഏർപ്പെടുത്തുമെന്ന് Tánaiste

അയര്‍ലന്‍ഡിലെ സ്കൂള്‍ ഗതാഗത സംവിധാനം തകിടം മറിഞ്ഞ അവസ്ഥയിലെന്ന് Dail ല്‍ ആരോപണം. പ്രശ്നം ഗുരുതരമാവുമ്പോള്‍ വിദ്യാഭ്യാസ മന്ത്രി Norma Foley ഒളിച്ചുകളിക്കുകയാണെന്നും Sinn Féin അംഗം Sorca Clarke കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞു.

രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് ടിക്കറ്റുകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് ജൂലൈയില്‍ വിദ്യാഭ്യാസ മന്ത്രി Foley പ്രഖ്യാപിച്ചിരുന്നു. ജീവിതച്ചിലവ് വര്‍ദ്ധനവ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കുട്ടികളുടെ സ്കൂള്‍ ചിലവുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ട്രാന്‍സ്പോര്‍ട്ട് ടിക്കറ്റുകള്‍ സൌജന്യമാക്കിയതോടെ ടിക്കറ്റുകള്‍ക്കായുള്ള അപേക്ഷകരുടെ എണ്ണവും കുത്തനെ കൂടി. ഇതുമൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ബസ് ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായതായി Sinn Féin അരോപിച്ചു. അടിയന്തിരമായി 10000 ടിക്കറ്റുകള്‍ കൂടി അനുവദിക്കണമെന്നും Sinn Féin ആവശ്യപ്പെട്ടിട്ടുണ്ട്.

500 യൂറോയോളം ഓരോ കുടുംബത്തിനും ലാഭിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും നിലവില്‍ കുടുംബങ്ങള്‍ക്ക് അധിക ചിലവ് ഉണ്ടാവുന്നതായി Sinn Féin അംഗം ആരോപിച്ചു. കുട്ടികളെ സ്കൂളില്‍ വിടുന്നതിനായി രക്ഷിതാക്കള്‍ ജോലി ഒഴിവാക്കേണ്ടുന്ന അവസ്ഥയും ഉള്ളതായി Sorca Clarke സഭയില്‍ പറഞ്ഞു.

അതേസമയം അടുത്തവര്‍ഷം മുതല്‍ ടിക്കറ്റുകള്‍ക്ക് ഫീസ് ഈടാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടായിരുന്നു Tánaiste Leo Varadkar ഇതിന് മറുപടി പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21000 ടിക്കറ്റുകള്‍ ഇത്തവണ അധികമായി അനുവദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: