ആപ്റ്റിട്യൂട് അഡാപ്റ്റേഷൻ പരീക്ഷകളുടെ പരിഷ്കരണം ; പുരോഗതി വിലയിരുത്താൻ മൈഗ്രന്റ് നഴ്സസ് അയർലൻഡ് – നഴ്സിംഗ് ബോർഡ് യോഗം ചേർന്നു

ആപ്റ്റിട്യൂട് അഡാപ്റ്റേഷൻ പരീക്ഷകളിലെ പാകപ്പിഴകളും ക്രമക്കേടുകളും പരിഹരിക്കണമെന്നും അവ മൈഗ്രന്റ് സൗഹൃദമായ രീതിയിൽ പരിഷ്കരിക്കണമെന്നുമുള്ള ആവശ്യം ജൂലൈ 6 ന് NMBI സി ഇ ഓ ഷീല മക്ക്ളെലാൻഡുമായി നടത്തിയ ചർച്ചയിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന്റെ പുരോഗതി വിലയിരുത്താൻ സെപ്റ്റംബർ 22, വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഓൺലൈനിൽ ചേർന്ന യോഗത്തിൽ NMBI ഡയറക്ടർ ഓഫ് റെജിസ്ട്രേഷൻ റേ ഹീലിയും കമ്മ്യൂണിക്കേഷൻ വകുപ്പ് മേധാവി ഷിനെഡും മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ പ്രതിനിധീകരിച്ചു വർഗ്ഗീസ് ജോയ്, ഐബി തോമസ്, സോമി തോമസ് എന്നിവരും പങ്കെടുത്തു.

ആപ്റ്റിട്യൂട് അഡാപ്റ്റേഷൻ പരീക്ഷകൾ കഴിഞ്ഞിറങ്ങുന്ന എല്ലാ നഴ്‌സുമാർക്കും പരീക്ഷാ നടത്തിപ്പിനെ പറ്റി അവരുടെ അഭിപ്രായങ്ങൾ/ഫീഡ്ബാക്ക് നൽകാനുള്ള അവസരം സൃഷിക്കണമെന്നും പരീക്ഷകൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും നിരന്തരമായ പരിശോധനകളും ഓഡിറ്റും നടത്തണമെന്നും പരാജയപ്പെടുന്ന നഴ്സുമാർക്ക് അപ്പീൽ നൽകാനുള്ള നടപടിക്രമങ്ങൾ സുതാര്യവും ലളിതവും ആക്കണമെന്നുമായിരുന്നു മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ പ്രധാന ആവശ്യം.

ആപ്റ്റിട്യൂട് അഡാപ്റ്റേഷൻ പരീക്ഷകൾ ഉദ്യോഗാർത്ഥികൾക്ക്‌ പ്രയോജനകരമാവുന്ന രീതിയിൽ പരിഷ്കരിക്കാനുള്ള തീരുമാനങ്ങൾ നഴ്സിംഗ് ബോർഡ് തത്വത്തിൽ അംഗീകരിച്ചെന്നും തീരുമാനങ്ങൾ പരസ്യപ്പെടുത്താനുള്ള നടപടികളുടെ അവസാനഘട്ടത്തിലാണെന്നും NMBI ഡയറക്ടർ ഓഫ് റെജിസ്ട്രേഷൻ റേ ഹീലി യോഗത്തെ അറിയിച്ചു. റെജിസ്ട്രേഷൻ നടപടികൾ നടത്തുന്നതിനായി ഉദ്യോഗാർത്ഥികൾ ഉപയോഗിക്കേണ്ട mynmbi പോർട്ടൽ പുതിയ കാലത്തിന്റെ ആവശ്യത്തിന് ഉതകുന്നതരത്തിൽ നവീകരിക്കാൻ തീരുമാനിച്ചെന്നും ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് അവസരം നൽകുമെന്നും റേ ഹീലി വ്യക്തമാക്കി. അതുകൂടാതെ പ്രവാസി നഴ്സുമാർക്ക് ജോലി സംബന്ധമായ വർക്ക് പെർമിറ്റില്ലാതെ തന്നെ ആപ്റ്റിട്യൂട് പരീക്ഷ എഴുതുന്നതിനു വേണ്ടി മാത്രമായ എക്സാം വിസ പുനഃസ്ഥാപിക്കണം എന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ആവശ്യവും NMBI പരിഗണിച്ചു വരികയാണെന്നും ഇക്കാര്യം ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസുമായി ചർച്ച ചെയ്‌തെന്നും റേ ഹീലി യോഗത്തെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: