ശൈത്യകാല വാക്സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ച് HSE , വിവിധ പ്രായക്കാർക്ക് ഫ്‌ലൂ വാക്സിനും , കോവിഡ് ബൂസ്റ്ററും നൽകും

അയർലൻഡിൽ ശൈത്യകാലത്ത് ഫ്ലൂ ,കോവിഡ് രോഗികൾ ഉയർന്നേക്കുമെന്ന മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ ശൈത്യകാല വാക്‌സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ച് HSE. വിവിധ വിഭാഗങ്ങൾക്ക് സൗജന്യ ഫ്ലൂ വാക്സിനും കോവിഡ് ബൂസ്റ്ററും ഇതുവഴി നൽകും, 65 വയസ്സിനു മുകളിലുള്ളവർക്കും വൈദ്യശാസ്ത്രപരമായി ദുർബലരായ ആളുകളെയും കോവിഡ് -19 ബൂസ്റ്റർ എടുക്കാൻ HSE അഭ്യർത്ഥിക്കുന്നു.

65 വയസ്സിനു മുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, രണ്ടു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, ചില ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ എന്നിവർക്ക് സൗജന്യ ഫ്ലൂ വാക്സിൻ ലഭ്യമാണ്.

ഒക്‌ടോബർ 17 മുതൽ കുട്ടികളുടെ നേസൽ സ്‌പ്രേ ഫ്ലൂ വാക്‌സിൻ രണ്ടു മുതൽ 17 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ജിപിമാരിൽ നിന്നും ഫാർമസികളിൽ നിന്നും സൗജന്യമായി ലഭിക്കും.

ആദ്യത്തെ കോവിഡ്-19 വാക്സിനേഷൻ എടുത്തിട്ടില്ലാത്ത അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും, ദുർബല പ്രതിരോധശേഷിയുള്ളവർക്കും, ബൂസ്റ്റർ ഡോസ് എടുക്കാൻ ഉള്ളവർക്കും, www.hse.ie-ൽ രജിസ്റ്റർ ചെയ്ത് HSE വാക്സിനേഷൻ കേന്ദ്രങ്ങളിൽ അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും.

ഫ്ലൂവും COVID-19 ഉം പരത്തുന്നത് വ്യത്യസ്ത വൈറസുകളാണ്, എന്നാൽ രണ്ടും ഗുരുതരമായ ആരോഗ്യാവസ്ഥ സൃഷ്ടിക്കാൻ കെല്പുള്ളവയാണ്. ഫ്ലൂ വാക്സിൻ COVID-19-നെ പ്രതിരോധിക്കുന്നില്ല. അതിനാൽ ഫ്ലൂ വാക്‌സിൻ എടുത്തവരും സൗജന്യ കോവിഡ് വാക്‌സിൻ എടുക്കേണ്ടത് പ്രധാനമാണ്.

ജിപിമാരിൽ നിന്നും ഫാർമസികളിൽ നിന്നും ഫ്ലൂ, COVID-19 വാക്സിനുകൾ ലഭ്യമാകും, ഇവയുടെ കുത്തിവെയ്പ്പ് ഒരേ സമയം എടുക്കാവന്നതാണെന്നും HSE വ്യക്തമാക്കി.

12 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രൈമറി, ബൂസ്റ്റർ വാക്‌സിനുകളും രാജ്യത്തുടനീളമുള്ള 15 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

പ്രൈമറി വാക്‌സിനോ ബൂസ്റ്റർ ഡോസുകളോ ലഭിച്ചിട്ടില്ലാത്തവരും , കോവിഡ് ബാധിച്ച് , ബൂസ്റ്ററിനായി 4 മാസം കാത്തിരിക്കേണ്ടി വന്നവരും എത്രയും വേഗം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാൻ HSE ആവശ്യപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: