ഡബ്ലിൻ എയർപോർട്ടിൽ റൺവേക്ക് അടിയിലൂടെ ടണൽ നിർമ്മാണം; പദ്ധതി അനാവശ്യമെന്ന് Ryanair

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേയ്ക്ക് അടിയിലൂടെ 700 മീറ്റര്‍ നീളമുള്ള ടണല്‍ നിര്‍മ്മിക്കാനുള്ള DAA നീക്കത്തിനെതിരെ വിമാന ഓപ്പറേറ്റര്‍മാരായ Ryanair. എയര്‍പോര്‍ട്ടിന്റെ കിഴക്ക് വശത്ത് നിന്നും പടിഞ്ഞാറ് വശത്തേയ്ക്ക് എളുപ്പത്തില്‍ എത്തുന്ന തരത്തിലാണ് റണ്‍വേയ്ക്ക് അടിയില്‍ ഭൂഗര്‍ഭ ടണല്‍ നിര്‍മ്മിക്കാനുള്ള പദ്ധതി DAA മുന്നോട്ട് വച്ചത്. റണ്‍വേ, ടാക്‌സി വേ എന്നിവയുമായി കൂടിക്കലരാതെ സുഗമമായ യാത്രയാണ് ഇതുവഴി വാഗ്ദാനം ചെയ്യുന്നത്. ടണല്‍ അടക്കം ആകെ 1.1 കി.മീ ദൂരമാണ് റോഡിന് ഉണ്ടാകുക.

അതേസമയം 200 മില്യണ്‍ യൂറോയിലേറെ ചിലവിട്ട് നിലവില്‍ ഇത്തരമൊരു ടണല്‍ നിര്‍മ്മിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് Ryanair. ഇത് അധികച്ചെലവായാണ് കണക്കാക്കുന്നതെന്നും, കോവിഡിന് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ഐറിഷ് ഏവിയേഷന്‍ മേഖലയ്ക്ക് ബാധ്യതയാകും ഈ പദ്ധതിയെന്നും Ryanair-ന്റെ BMA Planning അധികാരിയായ Ray Ryan അഭിപ്രായപ്പെട്ടു. അതോടൊപ്പം ടണലിന്റെ നിര്‍മ്മാണം തുടങ്ങിയാല്‍ അത് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ തടസമുണ്ടാക്കുമെന്നും, അതിന് പരിഹാരം കാണുന്ന തരത്തിലാണോ പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്ന് പരിശോധിക്കണമെന്നും Fingal County Council-നോട് എതിര്‍പ്പ് പ്രകടമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള 200 മില്യണ്‍ യൂറോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും Ryanair പറയുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഏറ്റവും വലിയ ഓപ്പറേറ്റര്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ക്കും കൃത്യമായ അഭിപ്രായമുണ്ടെന്നും Ryanair വ്യക്തമാക്കി.

ഈ തുകയുടെ ബാധ്യത ഏറ്റെടുക്കേണ്ടിവരിക വിമാനക്കമ്പനികളാണെന്ന് പറഞ്ഞ Ryan, മാന്യമായ നിരക്കില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നതിനെ ഇത് ബാധിക്കുകയും, കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന എയര്‍പോര്‍ട്ടിലേയ്ക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രണ്ട് അറ്റങ്ങളും തമ്മില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗതാഗതം നടത്താന്‍ സാധിക്കുന്നുണ്ടെന്നും, അതിനാല്‍ത്തന്നെ ഇത്തരമൊരു അണ്ടര്‍ പാസ് അനാവശ്യമാണെന്നും Ryan പറയുന്നു.

പദ്ധതി സംബന്ധിച്ച് ഈ മാസം തന്നെ Fingal County Council തീരുമാനമെടുക്കും.

Share this news

Leave a Reply

%d bloggers like this: