ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കയിൽ 66 കുട്ടികൾ മരിച്ചു; മുന്നറിയിപ്പുമായി WHO

ഇന്ത്യന്‍ നിര്‍മ്മിതമായ നാല് കഫ് സിറപ്പുകള്‍ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO). ഹരിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ Maiden Pharmaceuticals Ltd നിര്‍മ്മിച്ച കഫ് സിറപ്പുകള്‍ കഴിച്ച് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്നാണ് WHO ബുധനാഴ്ച മുന്നറിയിപ്പ് പുറത്തിറക്കിയത്.

ഈ കമ്പനി പുറത്തിറക്കുന്ന Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നിവ ഉപയോഗിക്കരുതെന്നാണ് WHO നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇവ വഴിക്കുന്നത് വഴി മാരകമായ വൃക്കരോഗം ബാധിക്കാമെന്നും WHO പറയുന്നു. ഇതാണ് ഗാംബിയയില്‍ കുട്ടികളുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം.

അതോടൊപ്പം ഈ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇതുവരെ Maiden Pharmaceuticals Ltd എന്തെങ്കിലും ഗ്യാരന്റിയോ, സുരക്ഷിതമാണെന്ന ഉറപ്പോ നല്‍കിയിട്ടില്ല എന്നും WHO വ്യക്തമാക്കി. ലബോറട്ടറിയില്‍ പരിശോധിച്ചതില്‍ നിന്നും, ഇവയില്‍ മാരകമായ diethylene glycol, ethylene glycol എന്നിവ അടങ്ങിയിരിക്കുന്നതായും കണ്ടെത്തി. ഇവ ശരീരത്തിലെത്തിയാല്‍ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, തലവേദന, ആശയക്കുഴപ്പം എന്നിവയും, വൃക്കയ്ക്ക് തകരാറും സംഭവിക്കാം. ക്രമേണ മരണവും സംഭവിക്കും.

സിറപ്പുകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അതുവരെ ഇവയുടെ എല്ലാ ബാച്ച് ഉല്‍പ്പന്നങ്ങളും അപകടകരമായി കണക്കാക്കുന്നുവെന്ന് WHO മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സെപ്റ്റംബര്‍ 29-ന് ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും WHO കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗാംബിയയിലേയ്ക്ക് മാത്രമേ കമ്പനി ഈ കഫ് സിറപ്പുകള്‍ കയറ്റുമതി ചെയ്തിട്ടുള്ളൂ എന്നാണ് വിവരം.

Share this news

Leave a Reply

%d bloggers like this: