ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്; പരമ്പര ജേതാക്കളെ ഇന്നറിയാം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ‍‍ഡല്‍ഹിയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1 .30 നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യരണ്ട് മത്സരങ്ങളിലും ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ച് 1-1 നിലയിലായതിനാല്‍ ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാവും. ആദ്യം മത്സരത്തില്‍ പൊരുതിത്തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ വന്‍ തിരിച്ചുവരവ് നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക.

ആദ്യമത്സരത്തില്‍ നിറം മങ്ങിയ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് ലൈനപ്പ് കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്‍- ശുഭ്മാന്‍ കൂട്ടുകെട്ട് പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ മികച്ച ടോട്ടലിലേക്കെത്താന്‍ ഇന്ത്യക്ക് കഴിയും. യുവതാരങ്ങളായ ഇഷാന്‍ കിഷനും, ശ്രേയസ് അയ്യരും കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. സമ്മര്‍ദ്ദത്തിലും പക്വതയോടെ ബാറ്റ് വീശുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനവും ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമാവും.

ബൌളിങ്ങില്‍ ഇന്ത്യയുടെ പ്രകടനത്തില്‍‍ കാര്യമായ പുരോഗതിയില്ലെങ്കിലും കഴിഞ്ഞ മത്സരത്തില്‍ മുഹമ്മദ് സിറാജ് കാഴ്ചവച്ച പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. മറ്റു ബൌളര്‍മാര്‍ കൂടെ കഴിവിനൊത്ത് ഉയരുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്ക് കഴിയും.

പരമ്പര നേട്ടം എന്നതിലുപരി 2023 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക എന്ന ലക്ഷ്യം കൂടെ മുന്നില്‍ക്കാണ്ടാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുക. സൂപ്പര്‍ ലീഗ് പോയിന്റ്സ് ടേബിളില്‍ നിലവില്‍ 11 ാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പാക്കാന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്

Share this news

Leave a Reply

%d bloggers like this: