വാട്ടർഫോഡ് സെവൻസ് ഫുട്ബോൾ മേളയ്ക്ക് കൊടിയിറങ്ങി

അയർലണ്ട് പ്രവാസി മലയാളികളുടെ കൂട്ടായ്മയായ വാട്ടർഫോഡ് ടൈഗേഴ്‌സ് സംഘടിപ്പിച്ച നാലാമത് സെവൻസ് ഫുട്ബോൾ മേളക്ക് പ്രൗഢഗംഭീരമായ കൊടിയിറക്കം. അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനാല് ടീമുകളാണ് രണ്ടു വിഭാഗങ്ങളിലായി നടന്ന മൽസരങ്ങളിൽ മാറ്റുരച്ചത്.
ഒക്ടോബർ 23 ന് ഞായറാഴ്ച വാട്ടർ ഫോഡിലെ ബാലിഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ കാലത്ത് എട്ട് മണിക്ക് ആരംഭിച്ച മൽസരങ്ങൾ രാത്രി ഒമ്പത് മണി വരെ നീണ്ടു നിന്നു.

മുപ്പതു വയസിനു താഴെ പ്രായമുള്ളവരുടെ ലെജൻഡ് വിഭാഗത്തിൽ ലീമെറിക്കിൽ നിന്നുള്ള റിഡ്രി എഫ് സി ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഗാൾവേ ഗാലക്ക്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് റിഡ്രി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തു ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ലെജൻഡ് വിഭാഗത്തിൽ റിഡ്രി എഫ് സിയുടെ എഡ്വിൻ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പറായി ഡബ്ലിനിൽ നിന്നുള്ള സ്പാർട്ടൻസ് എഫ് സിയുടെ അലിസ്റ്റർ അനിതും,മികച്ച പ്രതിരോധ നിര താരമായി ഗാൾവേ ഗാലക്ക്സിയുടെ റമീസും തിരഞ്ഞെടുക്കപ്പെട്ടു.

മുപ്പതു വയസിനു മുകളിൽ പ്രായമുള്ളവർക്കായുള്ള മാസ്റ്റേഴ്സ് വിഭാഗത്തിൽ ഡബ്ലിനിൽ നിന്നുള്ള ഐറിഷ് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി.കലാശ പോരാട്ടത്തിൽ നിലവിലെ ജേതാക്കളും, ആതിഥേയരുമായ വാട്ടർ ഫോഡ് ടൈഗേഴ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഐറിഷ് ബ്ലാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കിയത്.

ടൂർണ്ണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വാട്ടർഫോഡ് ടൈഗേഴ്‌സിന്റെ മുന്നേറ്റ നിര താരമായ ഷിബു തുടർച്ചയായ മൂന്നാം തവണയും മികച്ച കളിക്കാരനുള്ള സമ്മാനം സ്വന്തമാക്കി.മികച്ച പ്രതിരോധ നിര താരമായി വാട്ടർഫോഡ് ടൈഗേഴ്‌സിന്റെ ബോബി ഐപ്പിനെയും, മികച്ച ഗോൾ കീപ്പറായി കോർക്കിൽ നിന്നുള്ള റിബൽസ് എഫ് സിയുടെ സുബിനെയും തിരഞ്ഞെടുത്തു.

വാട്ടർഫോഡ് കൗണ്ടി കൗൺസിലർ ജിം ഗ്രിഫിനും,ഐറിഷ് ഫുട്ബോൾ റഫറി ജിം കീലിയും ചേർന്നായിരുന്നു സമ്മാനദാനം നിർവഹിച്ചത്. ജനപങ്കാളിത്തം കൊണ്ടും,സംഘാടന മികവ് കൊണ്ടും വാട്ടർഫോഡിലെ സെവൻസ് മേള അവിസ്മരണീയമായ അനുഭവമായി മാറി. സെവൻസ് ഫുട്ബോൾ മേളയ്‌ക്കൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു . ന്യൂ റോസിൽ നിന്നുള്ള ഹോളി ഗ്രെയിൽ റെസ്റ്റോറന്റും,വാട്ടർഫോഡിൽ നിന്നുള്ള വനിതാ കൂട്ടായ്മയായ ജ്വാലയുമാണ് ഈ ഭക്ഷ്യമേളയുടെ പിന്നിൽ അണിനിരന്നത്.

Share this news

Leave a Reply

%d bloggers like this: