ഗാർഡയ്‌ക്കെതിരായ വധശ്രമം ; പ്രതിക്ക് പതിനെട്ട് വർഷം തടവ്‌ശിക്ഷ

ഡബ്ലിനില്‍ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത 39കാരന് പതിനെട്ട് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 2021 ല്‍ നടന്ന ആക്രമണത്തിലാണ് കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേസിലെ പ്രതിയായ ഡബ്ലിന്‍ Clonsilla സ്വദേശി Daniel Goulding കുറ്റം സമ്മതിച്ചിരുന്നു.

2021 മെയ് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ Daniel Goulding വീടിന്റെ ജനാലയ്ക്കുള്ളിലൂടെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേര്‍ക്കും ഇടതു കാലിലും, ഒരു ഉദ്യോസ്ഥന്റെ കയ്യിലുമായിരുന്നു വെടിയേറ്റത്. തുടര്‍ന്ന് കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമായിരുന്നു ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ കയ്യില്‍ നിന്നും നാലോളം തോക്കുകളും, 73 റൌണ്ട് വെടിയുണ്ടകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ആക്രമണത്തെത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്കും മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും, ഒരാള്‍ക്ക് Post Traumatic Stress Disorder ബാധിച്ചിരുന്നതായും ഇവര്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം പ്രതിയായ Daniel ന് 2010 ല്‍ schizophrenia രോഗം സ്ഥിരീകരിച്ചിരുന്നതായും, 2013 വരെ ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നുവെന്നും കോടതിയില്‍ പ്രതിഭാഗം അറിയിച്ചിരുന്നു. അയര്‍ലന്‍ഡിലെ ഒരു ഗ്യാങ്ങിലെ അംഗമായിരുന്ന Daniel ന് മറ്റ് ഗ്യാങ്ങുകളില്‍ നിന്നും വധഭീഷണിയുണ്ടായിരുന്നതായും ഇവര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

എന്നാല്‍ പ്രതിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് മാത്രം ഇയാള്‍ നിരപരാധിയാണെന്നു പറയാന്‍ കഴിയില്ലെന്നും, അക്രമസമയത്ത് ഇയാളുടെ രോഗാവസ്ഥ സംബന്ധിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നതായും, അത്തരമൊരാളുടെ കയ്യില്‍ ആയുധങ്ങള്‍ എങ്ങിനെ വന്നു എന്നതിന് കൃത്യമായി വിശദീകരണം ലഭിച്ചില്ലെന്നും കോടതി പറഞ്ഞു. ഇതുകൂടാതെ മറ്റ് 32 കേസുകള്‍ കൂടെ Daniel ന്റെ പേരിലുണ്ട്.

Share this news

Leave a Reply

%d bloggers like this: