അയർലൻഡ് പ്രധാനമന്ത്രിയെ ഉക്രൈനിലേക്ക് ക്ഷണിച്ച് ഉക്രൈൻ പ്രസിഡന്റ് വ്ലാദ്മിർ സെലൻസ്കി

അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കറിനെ ഉക്രൈന്‍ സന്ദര്‍ശിക്കാനായി ക്ഷണിച്ച് ഉക്രൈന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ സെലന്‍സ്കി. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം ലിയോ വരദ്കര്‍ ഉക്രൈന്‍ ഭരണാധികാരിയുമായി നടത്തിയ ആദ്യ ഫോണ്‍ സംഭാഷണത്തിലായിരുന്നു സെലന്‍സ്കിയുടെ ക്ഷണം.

അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുമായി ഫോണ്‍വഴി സംസാരിച്ച വിവരം സെലന്‍സ്കി ട്വിറ്ററിലൂടെയും പങ്കുവച്ചു. റഷ്യന്‍ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ അയര്‍ലന്‍ഡ് സ്വീകരിച്ച നടപടികള്‍ക്ക് അയര്‍ലന്‍ഡിനെ നന്ദി അറിയിച്ചതായി സെലന്‍സ്കി പറഞ്ഞു. ഉക്രൈന്റെ ഊര്‍ജ്ജവിതരണ സംവിധാനങ്ങള്‍ക്കുള്ള പിന്തുണയും, ഉക്രൈന്റെ തിരിച്ചുവരവിനായുള്ള പിന്തുണയും സെലന്‍സ്കി അയര്‍ലന്‍ഡ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡ് ജനതയ്ക്കുള്ള പുതുവത്സര ആശംസയും വരദ്കറുമായുള്ള ഫോണ്‍ കോളിലൂടെ സെലന്‍സ്കി അറിയിച്ചു.

ഉക്രൈനുളള പിന്തുണ അയര്‍ലന്‍ഡ് തുടരുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ സെലന്‍സ്കിയെ അറിയിച്ചിട്ടുണ്ട്. ഉക്രൈന്റെ ഇ.യു അംഗത്വത്തിനായുള്ള പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഉക്രൈന് നിലവില്‍ നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങളും, മറ്റു സഹായങ്ങളും അയര്‍ലന്‍ഡ് തുടരുമെന്നും പ്രധാമന്ത്രി സെലന്‍സ്കിയോട് പറഞ്ഞു.

ഉക്രൈന്റെ പത്തിന സമാധാന ഫോര്‍മുല സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായാണ് വിവരം. ഉക്രെയ്‌നിന്റെ പ്രാദേശിക അഖണ്ഡത പുനഃസ്ഥാപിക്കുന്നതിനും യുദ്ധത്തിന് ഉത്തരവാദികളായവരെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനുമുള്ള തന്റെ പിന്തുണയും പ്രധാനമന്ത്രി സെലന്‍സ്കിയെ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: