ഡബ്ലിനിൽ ഇന്നലെ നടന്നത് രണ്ട് കൊലപാതകങ്ങൾ ; മൂന്ന് പേർ പിടിയിൽ

ഡബ്ലിനില്‍ ഇന്നലെ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത് രണ്ട് പേര്‍. Finglas ലെ Collins Place ല്‍ മുപ്പത് വയസ്സുകാരനായ യുവാവും, ഡബ്ലില്‍ Ashtown ല്‍ നാല്‍പ്പതുകാരിയായ സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.

രാവിലെ പത്ത് മണിയോടെയായിരുന്നു Ashtownലെ Royal Canal Park ലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് സംശയാസ്പദമായ സാഹചര്യത്തില്‍ 50 വയസ്സുകാരനായ ഒരാളെ ഗാര്‍‍ഡ പിടികൂടുകയും, Finglas ഗാര്‍ഡ സ്റ്റേഷനില്‍ വച്ചു നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അപ്പാര്‍ട്ട്മെന്റില്‍ നിന്നും നീക്കം ചെയ്ത യുവതിയുടെ മൃതദേഹം നിലവില്‍ വൈറ്റ്ഹാള്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കേസില്‍ മറ്റാളുകള്‍ക്ക് ബന്ധമില്ല എന്നാണ് നിലവില്‍ ഗാര്‍ഡ നല്‍കുന്ന സൂചന. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.

ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് Finglas ലെ Collins Place ലെ ഒരു വീടിന്റെ ഗാര്‍ഡനില്‍ മുപ്പതുകാരനായ ഒരു യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ രണ്ട് പേരെ നിലവില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ Finglas ഗാര്‍‍ഡ സ്റ്റേഷനിലും, Blanchardstown ഗാര്‍ഡ സ്റ്റേഷനിലും വിശദമായ‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാക്കുകയാണ്.

സംഭവം നടന്ന സ്ഥലം നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്. ഗാര്‍ഡ ടെക്നിക്കല്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണ് ഇതെന്നാണ് ഗാര്‍ഡ നല്‍കുന്ന സൂചന. സമീപത്തെ വീടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഫിന്‍ഗ്ലാസ് ഗാര്‍‍ഡ സ്റ്റേഷനില്‍ അറിയിക്കണമെന്നും ഗാര്‍‍ഡ നിര്‍ദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: