പ്രതിമാസ പബ്ലിക് ട്രാൻസ്പോർട്ട് പാസുകൾക്കായി ഉയർന്ന തുക ചിലവാക്കുന്ന നഗരങ്ങളിൽ ഡബ്ലിൻ രണ്ടാം സ്ഥാനത്ത്

ലോകത്തിലെ പ്രധാനനഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പാസുകള്‍ക്കായി ചിലവാക്കുന്ന തുകയുടെ കാര്യത്തില്‍ ഡബ്ലിന്‍ ഏറെ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. ഇ.കൊമേഴ്സ് പ്ലാറ്റ്ഫോമായ Picodi.com ആകെ 45 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഡബ്ലിന്‍ രണ്ടാം സ്ഥാനത്താണ്. റിപ്പോര്‍ട്ട് പ്രകാരം 155 യൂറോയാണ് പ്രതിമാസ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പാസുകള്‍ക്കായി ഡബ്ലിനില്‍ വരുന്ന ചിലവ്. 253 യൂറോ ചിലവ് വരുന്ന ലണ്ടന്‍ നഗരമാണ് പട്ടികയില്‍ മുന്നില്‍.മൂന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കില്‍ 119 യൂറോയാണ് പൊതുഗതാഗത സംവിധാനങ്ങളിലെ പാസുകള്‍ക്കായി പ്രതിമാസം വരുന്ന ചിലവ്.

അതേസമയം അയര്‍ലന്‍ഡിലെ മറ്റു നഗരങ്ങളില്‍ പ്രതിമാസ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പാസുകള്‍ക്ക് താരതമ്യേന ചിലവ് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍ക്കില്‍ 68 യൂറോ, ലിമറിക്, ഗാല്‍വേ എന്നീ നഗരങ്ങളില്‍ 60 യൂറോ, വാട്ടര്‍ഫോര്‍ഡ് 54 യൂറോ എന്നിങ്ങനെയാണ് മറ്റ് ഐറിഷ് നഗരങ്ങളിലെ കണക്കുകള്‍.

അതേസമയം സിങ്കിള്‍ ടിക്കറ്റ് ചിലവുകളുടെ അടിസ്ഥാനത്തില്‍ ഡബ്ലിന്‍ നഗരം പട്ടികയില്‍ മുപ്പതാം സ്ഥാനത്താണുള്ളത്. ഡബ്ലിനില്‍ സിങ്കിള്‍ ടിക്കറ്റിനായി 2 യൂറോയാണ് ചിലവ് വരുന്നത്. ലണ്ടന്‍(4.85 യൂറോ), സൂറിച്ച്(4.44 യൂറോ), ഓസ്‍ലോ(3.65 യൂറോ) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്കുകള്‍.

ഓരോ നഗരത്തിലെയും ശരാശരി വേതനവുമായി പ്രതിമാസ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ചിലവുകളെ താരതമ്യപ്പെടുത്തുമ്പോള്‍, ‍ഡബ്ലിനിലെ ശരാശരി വേതനത്തിന്റെ 5 ശതമാനം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പാസുകള്‍ക്കായി ചിലവാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീവ്(7 %), ലണ്ടന്‍(7.4 %), ഇസ്താന്‍ബുള്‍(7.5%), സാവോ പോളോ(14.3 %) ശതമാനം എന്നിവയാണ് വേതന-ട്രാവല്‍പാസ് ചിലവ് അനുപാതം കൂടുതലുള്ള രാജ്യങ്ങള്‍. Luxembourg, Tallinn, Valletta എന്നിവിടങ്ങളില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പൂര്‍ണ്ണമായും സൌജന്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: