എവിക്ഷൻ ബാൻ അവസാനിച്ചു ; അയർലൻഡിൽ ഭവനരഹിതരുടെ എണ്ണം ഇനിയും കൂടിയേക്കുമെന്ന് ആശങ്ക

അയര്‍ലന്‍ഡിലെ വിന്റന്‍ എവിക്ഷന്‍ ബാന്‍ അവസാനിച്ചു. എവിക്ഷന്‍ ബാന്‍ അവസാനിപ്പിക്കുന്നത് രാജ്യത്തെ ഭവനരഹിതരുടെ എണ്ണം കുത്തനെ കൂട്ടുമെന്ന ആശങ്കകള്‍ പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ബാധിക്കപ്പെടുന്നവരെ സംരക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

കോവിഡ് 19 കാലത്തായിരുന്നു രാജ്യത്ത് ആദ്യമായി എവിക്ഷന്‍ ബാന്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതിന്റെ കാലാവധി പൂര്‍ത്തിയായ ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിന്റര്‍ സീസണ്‍ പരിഗണിച്ച് താത്കാലിക എവിക്ഷന്‍ ബാന്‍ പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് 31 വരെയായിരുന്നു ഇതിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്.

രാജ്യത്തെ ഭവനവിലയിലും, വാടകയിലും ഉണ്ടായ വര്‍ദ്ധനവ് പരിഗണിച്ച് എവിക്ഷന്‍ ബാന്‍ നീട്ടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഈ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

തുടര്‍ന്ന് എവിക്ഷന്‍ ബാന്‍ ജനുവരി വരെ നീട്ടുന്നതിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് Sinn Fein സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ സര്‍ക്കാരിനായി.

എവിക്ഷന്‍ ബാന്‍ അവസാനിച്ചതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് നിലവില്‍ ഉയര്‍ന്നുവരുന്നത്. വാടകക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു ഹൊറര്‍ സിനിമയ്ക്ക് സമാനമാണെന്ന് ഹോംലസ്സ് ക്യാംപെയിനര്‍ Peter McVerry പറഞ്ഞു. Threshold, Focus Ireland അടക്കമുള്ള ഹൌസിങ് കൂട്ടായ്മകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഫെബ്രുവരി മാസത്തെ രാജ്യത്തെ ഭവനരഹിതരുടെ എണ്ണം 11742 ആണെന്നുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് 12 പേര്‍ കുറവാണ് ഇതെങ്കിലും കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ്. ഫെബ്രുവരിയിലെ ഭവനരഹിതരില്‍ 1599 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 3373 പേര്‍ കുട്ടികളാണ്. ഡബ്ലിനില്‍ മാത്രം 6000 ത്തിലധികം ഭവനരഹിതരാണുള്ളത്.

Share this news

Leave a Reply

%d bloggers like this: