രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾക്ക് അമിതവില; അന്വേഷണം നടത്തണമെന്ന് ലേബർ പാർട്ടി

അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചിരിക്കുന്നത് അന്വേഷിക്കണമെന്ന ആവശ്യവുമായി ലേബര്‍ പാര്‍ട്ടി വക്താവ് Ged Nash. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ദ്ധിക്കുന്നതിനൊപ്പം, മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ലാഭം വര്‍ദ്ധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും Competition and Consumer Protection Commission (CCPC)-നോട് Nash ആവശ്യപ്പെട്ടു.

രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ധാര്‍മ്മികമല്ലാത്ത തരത്തില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് Nash-ന്റെ ആവശ്യം. Price gouging എന്നാണ് ഇതിന് പറയുക.

ആളുകള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം എത്തരത്തില്‍ ചെലവാക്കപ്പെടുന്നുവെന്നും, ഇത്തരത്തില്‍ വില കൂട്ടി വില്‍ക്കുന്നത് പണപ്പെരുപ്പമുണ്ടാകാന്‍ കാരണമാകുന്നത് എങ്ങനെ എന്നും അന്വേഷിക്കണമെന്നും Nash പറയുന്നു.

അതേസമയം വിപണിയിലെ വില നിയന്ത്രിക്കാനുള്ള അധികാരമൊന്നും തന്നെ തങ്ങളില്‍ നിക്ഷിപ്തമല്ലെന്നാണ് CCPC അധികൃതര്‍ പറയുന്നത്. രാജ്യത്ത് ബിസിനസുകാരാണ് ഓരോ ഉല്‍പ്പന്നത്തിനും വില തീരുമാനിക്കുന്നത്. വന്‍കിട കമ്പനികള്‍ അകാരണമായി കൂടുതല്‍ വില ഈടാക്കരുത് എന്ന് മാത്രമാണ് ഐറിഷ് നിയമം അനുശാസിക്കുന്നതെന്നും CCPC പറയുന്നു. കമ്പനികള്‍ സ്വതന്ത്രമായി വില നിശ്ചയിക്കുകയാണ് ചെയ്യുന്നതെന്നും, അത് ചെയ്യാതെ വരുമ്പോഴാണ് തങ്ങള്‍ ഇടപെടുകയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ചിലപ്പോഴെല്ലാം കമ്പനികള്‍ കൂട്ടായി ഒരു ഉല്‍പ്പന്നത്തിനോ, സേവനത്തിനോ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയും, അതുവഴി ജനങ്ങള്‍ക്ക് അധികച്ചെലവ് ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ CCPC ഇടപെടാറുണ്ട്.

അതേസമയം വിലക്കയറ്റം അസാധാരണമായ നിരക്കില്‍ എത്തിയിരിക്കുകയാണെന്നും, ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിര്‍മ്മാണച്ചെലവിനും വളരെ വലിയ വിലയാണ് വിപണിയിലെന്നും Nash പറയുന്നു. ഈ സാഹചര്യത്തില്‍ ഒരു മാര്‍ക്കറ്റ് അനാലിസിസ് നിര്‍ബന്ധമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. നിലവിലെ വിലക്കയറ്റം അത്യാര്‍ത്തി കാരണമുള്ള പണപ്പെരുപ്പം (greedflation) ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില വര്‍ദ്ധിപ്പിക്കുന്നുവെന്ന് താന്‍ ആരോപിക്കുന്നില്ലെങ്കിലും, അത്തരമൊരു സാധ്യതയെപ്പറ്റി അന്വേഷണം നടത്തണമെന്നാണ് താന്‍ പറയുന്നതെന്നും Nash വ്യക്തമാക്കി. CCPC-ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല എന്ന വാദം സ്വീകര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Consumer Protection Act 2007 വിലക്കയറ്റമുണ്ടാകുന്ന പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരം നല്‍കുന്നുണ്ട്- Nash ഓര്‍മ്മിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: