അയർലണ്ടിലെ ഭവനനിർമ്മാണം ഈ വർഷത്തെ ലക്ഷ്യം കൈവരിക്കുമെന്ന് സർക്കാർ

2023-ല്‍ നേരത്തെ പദ്ധതിയിട്ട അത്രയും വീടുകളുടെ തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്ന് സര്‍ക്കാര്‍. ഭവനനിര്‍മ്മാണം മെല്ലെയാണെന്നും, ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചേക്കില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് Department of Housing-ന്റെ പ്രതികരണം. സര്‍ക്കാരിന്റെ Housing for All പദ്ധതിയെപ്പറ്റി Oireachtas committee-ക്ക് മുമ്പില്‍ വിശദീകരണം നല്‍കവേയാണ് അധികൃതര്‍ ഇക്കാര്യം ഉറപ്പ് നല്‍കിയത്.

പദ്ധതിക്ക് കീഴില്‍ ഓരോ വര്‍ഷവും 33,000 വീടുകള്‍ വീതം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 2030 വരെയാണ് പദ്ധതി കാലം.

2022-ല്‍ ഇത്തരത്തില്‍ 29,851 വീടുകളാണ് നിര്‍മ്മിച്ചത്. 24,600 എണ്ണമേ നിര്‍മ്മിക്കാന്‍ സാധിക്കൂവെന്ന് കരുതിയിരുന്നെങ്കിലും, കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. എന്നാല്‍ 9,000 സോഷ്യല്‍ ഹോമുകള്‍ ലക്ഷ്യമിട്ടതില്‍ 7,433 എണ്ണം മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുള്ളൂ.

2023-ല്‍ 30,000 വീടുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് സമീപകാലത്തെ റിസര്‍ച്ചുകള്‍ കാണിക്കുന്നതെന്ന് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി Feargal O’Coigligh പറയുന്നു. നിര്‍മ്മാണക്കമ്പനികള്‍ കൂടുതല്‍ ജോലിക്കാരെ എടുക്കുന്നുണ്ടെന്നും, ഓര്‍ഡര്‍ ബുക്കുകള്‍ പൂര്‍ത്തിയായി വരുന്നുവെന്നും, ഇതെല്ലാം കാണിക്കുന്നത് സമയബന്ധിതമായി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

The Housing for All-ന്റെ പഠനമനുസരിച്ച് ഈ വര്‍ഷം 29,000 വീടുകള്‍ നിര്‍മ്മിക്കുമെന്നും, ഇതില്‍ 9,100 എണ്ണം സോഷ്യല്‍ ഹോംസ് ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 5,500 affordable, cost rental homes, 14,400 സ്വകാര്യ വാടക വീടുകള്‍ എന്നിവയും നിര്‍മ്മിക്കും.

രാജ്യത്ത് നിലവില്‍ 250,000 വീടുകളുടെ കുറവുണ്ടെന്നാണ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറയുന്നത്. ഇതാണ് ഇവിടെ ഭവനപ്രതിസന്ധിക്കും, വില വര്‍ദ്ധനയ്ക്കും കാരണം.

Share this news

Leave a Reply

%d bloggers like this: