അയർലണ്ടിൽ ‘National Slow Down Day’ ഇന്ന്; റോഡിൽ എന്തൊക്കെ ശ്രദ്ധിക്കണം?

അയര്‍ലണ്ടിലെ റോഡുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള ‘National Slow Down Day’ ഏപ്രില്‍ 21 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍, ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 7 മണി വരെ. ഗാര്‍ഡയും, Road Safety Authority (RSA)-യും സംയുക്തമായി നടത്തുന്ന ഈ 24 മണിക്കൂര്‍ ബോധവത്കരണ പരിപാടി, വാഹനങ്ങള്‍ വേഗത കുറച്ച് പോകാനും, ഓരോ റോഡിലും അനുവദനീയമായ വേഗതയില്‍ മാത്രം വാഹനമോടിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ്.

ഇതിന്റെ ഭാഗമായി അയർലൻഡ് ഉടനീളം നിരവധി സ്പീഡ് ചെക്കിങ് പോയിന്റ്കൾ ഗാർഡ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ തുടങ്ങിയ ചെക്കിങ്ങിൽ നിരവധിപേരെ അമിതവേഗതയ്ക്ക് പിടികൂടി. രാവിലെ 11 മണി വരെ 19,795 വാഹനങ്ങൾ ഗാർഡ പരിശോധിച്ചു. നിരത്തിലിറങ്ങുന്ന ഡ്രൈവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

അമിതവേഗത കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുക, ജീവന്‍ രക്ഷിക്കുക, പരിക്കുകള്‍ കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്പിലാകമാനം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണ് അയര്‍ലണ്ടിലെയും National Slow Down Day.

വേനല്‍ക്കാലം അടുത്തെത്താറായതോടെ വൈകുന്നേരങ്ങള്‍ നീളുകയും, നല്ല രീതിയില്‍ ഡ്രൈവ് ചെയ്യാവുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് മുതലാക്കി അമിതവേഗതയില്‍ വാഹനമോടിച്ച് ആളുകള്‍ അപകടമുണ്ടാക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായും, 157 പേരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയതായും ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു. 2016-ന് ശേഷം ഒരേ വര്‍ഷം തന്നെ റോഡപകടങ്ങളില്‍ ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്. ഈ വര്‍ഷം ഇതുവരെ 52 പേരാണ് അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3 മരണങ്ങള്‍ അധികമാണിത്.

റോഡിലെ അമിതവേഗത വലിയൊരു ശതമാനം അപകടങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ് ഗാര്‍ഡയും, RSA-യും നടത്തിയ പഠനത്തില്‍ വ്യക്തമായത്. 2022-ല്‍ 73% വാഹനാപകടങ്ങളും സംഭവിച്ചത് റൂറല്‍ റോഡുകളിലാണ് (വേഗത 80 കി.മീയില്‍ അധികം). 27% അപകടങ്ങളാണ് നഗരപാതകളില്‍ സംഭവിച്ചിട്ടുള്ളത്. ആകെ അപകടങ്ങളില്‍ 30 ശതമാനവും അമിതവേഗതയോ, ശരിയായ വേഗതയില്‍ വാഹനമോടിക്കാത്തതോ കാരണമാണ്.

വാഹനമോടിക്കുന്നവര്‍ തങ്ങളുടെയും, മറ്റുള്ളവരുടെയും ജീവന്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് സ്ലോ ഡൗണ്‍ ഡേയുടെ ഭാഗമായി Garda National Roads Policing Bureau ചീഫ് സൂപ്രണ്ട് Jane Humphries പറഞ്ഞു. സ്ലോ ഡൗണ്‍ ഡേയില്‍ മാത്രമല്ല, മറ്റ് ദിവസങ്ങളിലും വേഗത കുറച്ച് വാഹനമോടിച്ച് റോഡുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും, അതുവഴി അപകടങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: