National Slow Down Day-യിൽ പിടിയിലായത് 211 ഡ്രൈവർമാർ; അയർലണ്ടിലെ റോഡുകളിൽ ഈ വർഷം പൊലിഞ്ഞത് 52 ജീവനുകൾ

National Slow Down Day-യുടെ ഭാഗമായി അയര്‍ലണ്ടിലെങ്ങും ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 211 വാഹനങ്ങള്‍ വേഗപരിധി ലംഘിച്ച് യാത്ര ചെയ്തതിന് പിടിയില്‍. പലയിടത്തും അനുവദനീയവേഗതയിലും 50 കി.മീ വരെ അധികവേഗത്തില്‍ വാഹനങ്ങളോടിച്ചതും ഇതില്‍ പെടുന്നു.

വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ശനിയാഴ്ച രാവിലെ 7 വരെ 24 മണിക്കൂറാണ് ഗാര്‍ഡയും Road Safety Authority (RSA)-യും സംയുക്തമായി National Slow Down Day ആചരിച്ചത്. മിതമായ വേഗതയില്‍ വാഹനമോടിക്കുക, റോഡപകടങ്ങള്‍ കുറയ്ക്കുന്നത് വഴി ജീവന്‍ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ദിനാചരണം. ഇതിന്റെ ഭാഗമായി രാജ്യത്തെ റോഡുകളിലുടീളം ഗാര്‍ഡ ചെക്കിങ് പോയിന്റുകള്‍ സ്ഥാപിച്ചിരുന്നു.

വാഹനങ്ങളുടെ അമിതവേഗം അളക്കുന്ന GoSafe, ആകെ 140,720 വാഹനങ്ങളാണ് ഈ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതില്‍ 211 വാഹനങ്ങള്‍ വേഗപരിധി ലംഘിച്ചതായി കണ്ടെത്തി. Roscommon, Kildare, Cavan, Monaghan, Cork, Longford, Donegal എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ ഡ്രൈവര്‍മാര്‍ പിടിയിലായി.

കഴിഞ്ഞ വര്‍ഷം 157 പേരാണ് അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞത്. 2016-ന് ശേഷം ഒരേ വര്‍ഷം തന്നെ ഇത്രയധികം മരണങ്ങള്‍ ആദ്യമാണ്. ഈ വര്‍ഷം ഇതുവരെ 52 പേര്‍ക്കും രാജ്യത്ത് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. 30% അപകടങ്ങള്‍ക്കും കാരണം അമിതവേഗതയാണെന്ന് ഗാര്‍ഡ ചൂണ്ടിക്കാട്ടുന്നു.

ഇതിനാല്‍ത്തന്നെ വേഗത കുറച്ച് യാത്ര ചെയ്യുക എന്നത് അപകടം കുറയ്ക്കുന്നതിലും, ജീവന്‍ രക്ഷിക്കുന്നതിലും പ്രധാനമാണ്. വേഗത വര്‍ദ്ധിക്കുമ്പോള്‍ വാഹനം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും, അത് അപകടത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു.

‘കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കാം, സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും നമ്മുടെ ഉത്തരവാദിത്തമാണ്.’

Share this news

Leave a Reply

%d bloggers like this: