അയർലണ്ടിലെ സ്‌കൂളുകളിൽ നിന്നും 6 വർഷത്തിനിടെ പുറത്താക്കപ്പെട്ടത് 900 കുട്ടികൾ

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ നിന്നായി പുറത്താക്കപ്പെട്ട കുട്ടികളുടെ എണ്ണം 900 എന്ന് റിപ്പോര്‍ട്ട്. ഇതില്‍ 360 കുട്ടികളും പുറത്താക്കപ്പെട്ടത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ്. 2020 സെപ്റ്റംബറിന് ശേഷം 28 കുട്ടികളാണ് പ്രൈമറി സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ടത്.

ഇത്തരം പുറത്താക്കലുകള്‍ തടയാനായി ചൈല്‍ഡ് ആന്‍ഡി ഫാമിലി ഏജന്‍സിയായ Tusla, കൂടുതല്‍ എജ്യുക്കേഷന്‍ വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിയമിക്കണമെന്ന് Children’s Rights Alliance ആവശ്യപ്പെട്ടു. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വെല്‍ഫെയര്‍ ഓഫിസര്‍മാരില്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നതായി സംഘടന പറയുന്നു.

കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടെന്ന് മനസിലാക്കിയാല്‍ അത് പരിഹരിക്കാന്‍ വെല്‍ഫെയര്‍ ഓഫിസര്‍മാരെക്കൊണ്ട് സാധിക്കും. എന്നാല്‍ രക്ഷിതാക്കള്‍ ഇതിന് ശ്രമിക്കുമ്പോള്‍ സ്‌കൂള്‍ അധികൃതരുമായുള്ള ബന്ധം വഷളാകുന്നു. മാത്രമല്ല കുട്ടിക്ക് വേറെ സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാനും പ്രയാസമാകുന്നു. എന്നാല്‍ ഇവിടെ ആവശ്യത്തിന് വെല്‍ഫെയര്‍ ഓഫിസര്‍മാരില്ല എന്നതാണ് സത്യം.

സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന കുട്ടികളെ അത് വളരെ മോശമായാണ് ബാധിക്കുന്നതെന്നും, മറ്റുള്ളവര്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നും Children’s Rights Alliance പറയുന്നു. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പിന്നെ കുട്ടികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ഉയരങ്ങളിലെത്താന്‍ സാധിച്ചെന്നുവരില്ല. ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന വെല്‍ഫെയര്‍ ഓഫിസര്‍മാരുടെ പ്രസക്തി.

സ്‌കൂളില്‍ നിന്നും ഒരു കുട്ടിയെ പുറത്താന്‍ തീരുമാനിച്ചാല്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി, പ്രിന്‍സിപ്പലും, മാനേജ്‌മെന്റും ചര്‍ച്ച നടത്തും. ശേഷം ഒരു മാസത്തെ സമയം അനുവദിക്കുകയും, Tusla-യെ വിവരമറിയിക്കുകയും ചെയ്യണം. Tusla-യില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ ഓഫിസര്‍മാര്‍ രക്ഷിതാക്കളുമായും, സകൂള്‍ അധികൃതരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ പുറത്താക്കണോ വേണ്ടയോ എന്ന കാര്യം ഉറപ്പിക്കൂ.

സ്‌കൂളില്‍ മയക്കുമരുന്ന വില്‍ക്കുക, മറ്റ് വിദ്യാര്‍ത്ഥികളെയോ, അദ്ധ്യാപരെയോ ക്രൂരമായി ആക്രമിക്കുക തുടങ്ങി ഗുതരമായ പ്രശ്‌നങ്ങള്‍ കുട്ടി സൃഷ്ടിച്ചാല്‍ മാത്രമേ പുറത്താക്കല്‍ നടപടികളിലേയ്ക്ക് കടക്കാവൂ.

അതേസമയം പുറത്താക്കാന്‍ തീരുമാനമായാലും എജ്യുക്കേഷന്‍ നിയമം സെക്ഷന്‍ 29 പ്രകാരം രക്ഷിതാവിന് വിദ്യാഭ്യാസ വകുപ്പിന് അപ്പീല്‍ നല്‍കാം. മൂന്നംഗ അപ്പീല്‍ കമ്മിറ്റിയെ വകുപ്പ് നിയോഗിച്ച്, പുറത്താക്കല്‍ നടപടി പുനഃപരിശോധിക്കും.

Share this news

Leave a Reply

%d bloggers like this: