തീപിടിത്തത്തിന് ശേഷം വീണ്ടും പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങി വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റൽ അടിയന്തര വിഭാഗം

മാര്‍ച്ചിലുണ്ടായ വമ്പന്‍ തീപിടിത്തത്തിന് ശേഷം വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗം വീണ്ടും തുറക്കുന്നു. ജൂലൈ 25-ന് ഇവിടുത്തെ അത്യാഹിതവിഭാഗം വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് HSE വ്യക്തമാക്കി.

മാര്‍ച്ച് 1-ന് ഉണ്ടായ തീപിടിത്തം വലിയ നാശനഷ്ടമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു വിഭാഗം അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കൂടുതല്‍ കാലത്തേയ്ക്ക് അടച്ചിടേണ്ടിവരുമെന്നാണ് കരുതിയിരുന്നതെങ്കിലും വൈകാതെ തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

അത്യാഹിതവിഭാഹം തുറന്ന് പ്രവര്‍ത്തിച്ചാലും നേരത്തെ ഉള്ള അത്രയും ബെഡ്ഡുകള്‍ ഇവിടെയുണ്ടാവില്ലെന്ന് Ireland East Hospital Group (IEHG) വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ മുഴുവന്‍ ബെഡ്ഡുകളും പഴയ രീതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു. 280 ബെഡ്ഡുകളാണ് ഇവിടെ ഉണ്ടായിരുന്നത്.

തീപിടിത്തത്തെ തുടര്‍ന്ന് ആശുപത്രി വിഭാഗം ഒഴിപ്പിച്ചത് അയര്‍ലണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയായിരുന്നു. 200 രോഗികളെയും, ഇതിന് പുറമെ ആശുപത്രി ജീവനക്കാരെയും ഒഴിപ്പിക്കേണ്ടി വന്നു.

മെഷീന്‍ പ്രവര്‍ത്തനത്തിലെ അപാകതയാണ് തീപിടിത്തത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. ആര്‍ക്കും അപകടമോ, മരണമോ സംഭവിക്കാതെ രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ചതിന് അഗ്നിരക്ഷാസേനയെ പ്രധാനമന്ത്രിയും, ആരോഗ്യമന്ത്രിയും, ഉപപ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു.

വെക്‌സ്‌ഫോര്‍ഡിലെ അടിയന്തരവിഭാഗം പ്രവര്‍ത്തനം നിലച്ചതോടെ University Hospital Waterford, St Luke’s General Hospital തുടങ്ങിയ ആശുപത്രികളിലേയ്‌ക്കെത്തുന്ന രോഗികള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: