അയർലണ്ട് ചേരിചേരാ നയത്തിൽ നിന്നും വ്യതിചലിക്കുന്നുവെന്ന് പ്രസിഡന്റ്; ഇല്ലെന്ന് പ്രധാനമന്ത്രി

കാലങ്ങളായി തുടര്‍ന്നുപോരുന്ന ചേരിചേരാ നയത്തില്‍ നിന്നും അയര്‍ലണ്ട് വ്യതിചലിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് Michael D Higgins. രാജ്യം ഇക്കാര്യത്തില്‍ ‘തീ കൊണ്ട് കളിക്കുകയാണ്’ എന്നും, മറ്റുള്ളവരുടെ അജണ്ടയ്ക്ക് അടിമപ്പെടുകയാണെന്നും ഞായറാഴ്ച Business Post പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രസിഡന്റ് വിമര്‍ശനമുയര്‍ത്തി.

ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളിലായി അടുത്തയാഴ്ച അന്താരാഷ്ട്ര സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് പ്രസിഡന്റിന്റെ പരാമര്‍ശം.

ചേരിചേരാ നയത്തില്‍ നിന്നും വ്യതിചലിച്ചാല്‍ ലാത്വിയ, ലിത്വാനിയ എന്നീ നാറ്റോ അംഗരാഷ്ട്രങ്ങളില്‍ നിന്നും അയര്‍ലണ്ട് ഒട്ടും വ്യത്യസ്തമാകില്ലെന്നും ലേഖനത്തില്‍ Higgins പറയുന്നു. നാല് ദിവസത്തെ അന്താരാഷ്ട്ര സുരക്ഷാ ചര്‍ച്ചയിലെ പ്രഭാഷകരുടെ തെരഞ്ഞെടുപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു.

അതേസമയം അയര്‍ലണ്ട് ചേരിചേരാ നയത്തില്‍ നിന്നും മാറി പുതിയ നയം സ്വീകരിക്കാന്‍ നീക്കം നടത്തുന്നില്ലെന്ന് പ്രധാനമന്ത്രി ലിയോ വരദ്കറും, വിദേശകാര്യ മന്ത്രി മീഹോള്‍ മാര്‍ട്ടിനും പ്രസ്താവനയില്‍ പ്രതികരിച്ചു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ച അത്യാവശ്യമാണെന്നും, ആഗോളമായി നടക്കുന്ന ഇന്നത്തെ വെല്ലുവിളികളെ നേരിടേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും വരദ്കര്‍ പറഞ്ഞു. നടക്കാനിരിക്കുന്ന ചര്‍ച്ച, ചേരിചേരാ നയത്തില്‍ തുടരണോ, വേണ്ടയോ എന്നത് സംബന്ധിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രസിഡന്റിന്റെ അഭിപ്രായത്തെ പിന്തുണച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി TD Mick Barry, People Before Profit നേതാവ് Paul Murphy എന്നിവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായാണ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നത് എന്നാണെങ്കില്‍, സൈനികശക്തിക്കായി വാദിക്കുന്നവര്‍ കോടതിയില്‍ പോകാത്തതെന്ത് എന്നും Murphy ചോദിച്ചു.

ചേരിചേരാ നയത്തില്‍ നിന്നും വ്യതിചലിക്കാനോ, നാറ്റോയില്‍ അംഗത്വമെടുക്കാനോ അയര്‍ലണ്ട് നീക്കം നടത്തില്ലെന്ന് വരദ്കര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അതേസമയം ചേരിചേരാ നയം സ്വീകരിച്ചുവന്ന ഉക്രെയിനിന് നേരെ റഷ്യ യുദ്ധം ആരംഭിച്ച പശ്ചാത്തലത്തില്‍, അയര്‍ലണ്ട് സൈനികശക്തി വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടതുണ്ടെന്ന് വരദ്കര്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: