ഷോപ്പിംഗ് സെന്ററുകളിലെ ഗിഫ്റ്റ് വൗച്ചറുകൾ ഉപയോഗിക്കാൻ സാധിക്കാതെ അയർലണ്ടുകാർ; തിരിച്ചടിയായത് പേയ്മെന്റ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയത്

പേയ്‌മെന്റ് കമ്പനിയായ UAB PayrNet-ന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിവിധ ഷോപ്പിങ് സെന്ററുകളില്‍ നിന്ന് വാങ്ങിയ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ ആയിരക്കണക്കിന് അയര്‍ലണ്ടുകാര്‍. ഷോപ്പിങ് സെന്ററുകളില്‍ പണം നല്‍കി വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ വഴിയുള്ള പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാപനമാണ് UAB PayrNet. നിരവധി പേരാണ് ഡബ്ലിനിലെ Liffey Valley Shopping Centre, കോര്‍ക്കിലെ Mahon Point, കില്‍ഡെയറിലെ White Water Shopping Centre, താലയിലെ Square എന്നിവയടക്കമുള്ള സ്റ്റോറുകളില്‍ നിന്നും വാങ്ങിയ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ നിരാശരായിരിക്കുന്നത്. 10 മുതല്‍ 100 യൂറോ വരെ നല്‍കി വൗച്ചറുകള്‍ വാങ്ങിയവരുണ്ട്.

പണമിടപാട് നിയമങ്ങള്‍ ലംഘിച്ചുവെന്ന പേരില്‍ ലിത്വാനിയന്‍ സര്‍ക്കാരാണ് UAB PayrNet-ന്റെ ലൈസന്‍സ് റദ്ദാക്കി പ്രവര്‍ത്തനം മരവിപ്പിച്ചത്. കമ്പനി തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് തടയുന്ന നിയമം ലംഘിച്ചതായും സംശയമുയര്‍ന്നിട്ടുണ്ട്.

ഷോപ്പിങ് സെന്ററുകള്‍ക്ക് പുറമെ UAB PayrNet ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയ ഏതാനും ക്രെഡിറ്റ് യൂണിയനുകളും പ്രതിസന്ധിയിലായി. പണമിടപാടിന് മറ്റ് വഴികള്‍ ഉപയോഗിക്കുകയാണ് യൂണിയനുകള്‍ ഇപ്പോള്‍ ചെയ്യുന്നത്. ലിത്വാനിയയിലെ Railsbank Technology-ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വഴി, അയര്‍ലണ്ടിലുള്ള 18 ക്രെഡിറ്റ് യൂണിയനുകള്‍ നിക്ഷേപകര്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയതായാണ് വിവരം. മറ്റ് ക്രെഡിറ്റ് യൂണിയനുകള്‍ ഡെബിറ്റ് കാര്‍ഡ് നല്‍കാന്‍ ഉപയോഗിക്കുന്ന കമ്പനിയിലേയ്ക്ക് നിലവില്‍ ഇവയും കാര്‍ഡുകള്‍ മാറ്റി നല്‍കുകയാണ്.

അതേസമയം കാര്‍ഡ് നല്‍കുന്നതില്‍ മാത്രമാണ് Railsbank Technology ഇടപെട്ടിരുന്നതെന്നും, നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും Irish League of Credit Unions തലവനായ David Malone വ്യക്തമാക്കി.

പക്ഷേ പ്രശ്‌നം കാരണം ഗിഫ്റ്റ് കാര്‍ഡുകള്‍ വില്‍ക്കുകയോ, സ്വീകരിക്കുകയോ ചെയ്യുന്നതല്ലെന്ന് ഷോപ്പിങ് സെന്ററുകള്‍ അറിയിച്ചതോടെ വൗച്ചര്‍ കൈയിലുള്ളവര്‍ പണം പോകുമെന്ന ഭയത്തിലാണ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരം നടത്താന്‍ ശ്രമിക്കുന്നതായി ചില ഷോപ്പിങ് സെന്ററുകള്‍ അറിയിച്ചിട്ടുണ്ട്.

European Communities (Electronic Money) Regulations 2011 പ്രകാരം, ഗിഫ്റ്റ് വൗച്ചറുകളില്‍ പണമിടപാട് നടത്തുന്ന കമ്പനികള്‍, ഈ പണം സ്വന്തം അക്കൗണ്ടിലല്ലാതെ, മറ്റൊരു പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നാണ് നിയമം. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: