ഈ യുദ്ധം റഷ്യ തോൽക്കണം, ഉക്രെയിനൊപ്പം ഉറച്ചുനിൽക്കുമെന്ന് അയർലണ്ട്

എത്രകാലം നീണ്ടാലും ഉക്രെയിന് പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഉക്രെയിന്‍ തലസ്ഥാനമായ കീവില്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയിലാണ് വരദ്കര്‍ നിലപാട് വ്യക്തമാക്കിയത്.

ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങളും, ക്രൂരതകളും നേരിട്ട് കണ്ട് മനസിലാക്കിയ ശേഷമാണ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വരദ്കര്‍ കീവില്‍ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു.

ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് പത്രസമ്മേളനത്തില്‍ വരദ്കര്‍ പറഞ്ഞു. റഷ്യയെ ജയിക്കാന്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ 21-ആം നൂറ്റാണ്ടില്‍ അക്രമം ഉപയോഗിച്ച് രാജ്യങ്ങളുടെ അതിര്‍ത്തി മാറ്റാമെന്നും, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാമെന്നും കരുതരുതെന്ന് വരദ്കര്‍ പറഞ്ഞു. മറ്റൊരു രാജ്യവും ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പാക്കാനായി, ഉക്രെയിന്‍ ഈ യുദ്ധം വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനങ്ങളെയും, സംവിധാനങ്ങളെയും ആക്രമിക്കുക വഴി, അയര്‍ലണ്ട് പോലെ ഉക്രെയിനെ സുഹൃത്തായി കാണുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും വരദ്കര്‍ പറഞ്ഞു. ഉക്രെയിനൊപ്പം എത്രകാലം വേണമെങ്കിലും ഉറച്ചുനില്‍ക്കുമെന്നും, ഉക്രെയിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം ചെയ്യുമെന്നും സെലന്‍സ്‌കിക്ക്, വരദ്കര്‍ ഉറപ്പ് നല്‍കി.

ഉക്രെയിന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കാനുള്ള നീക്കത്തെ പിന്തുണയ്ക്കുമെന്ന് വരദ്കര്‍ വ്യക്തമാക്കി. ഈ വര്‍ഷം തന്നെ ഇതിനുള്ള നടപടികളാരംഭിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയര്‍ലണ്ട് സൈനികപരമായി ചേരിചേരാ നയത്തിലാണെന്നും, എന്നാല്‍ രാഷ്ട്രീയപരമായി അങ്ങനെയല്ലെന്നും പറഞ്ഞ വരദ്കര്‍, ഉക്രെയിന് മാനുഷികസഹായമായി അഞ്ച് മില്യണ്‍ യൂറോയുടെ അധികതുകയും വാഗ്ദാനം ചെയ്തു.

റഷ്യയുടെ അധിനിവേശം തുടങ്ങിയ ശേഷം പതിനായിരക്കണക്കിന് ഉക്രെയിന്‍കാരെ അഭയാര്‍ത്ഥികളായി സ്വീകരിച്ച ഐറിഷ് ജനതയ്ക്ക് ഉക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നന്ദി അറിയിച്ചു. 86,000-ഓളം പേരാണ് ഇത്തരത്തില്‍ അഭയം തേടി അയര്‍ലണ്ടിലെത്തിയത്.

Share this news

Leave a Reply

%d bloggers like this: