അയര്‍ലണ്ടില്‍ 2023 ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് തുക 47.8 ബില്യണ്‍ യൂറോ. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3 ബില്യണ്‍ യൂറോ, അഥവാ 10% അധികമാണിത്.
ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ രാജ്യത്ത് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ ചെലവഴിച്ച തുക (gross voted expenditure) മുന്‍ കാലയളവിനെ അപേക്ഷിച്ച് 3.9 ബില്യണ്‍ വര്‍ദ്ധിച്ച് 49.2 ബില്യണ്‍ യൂറോ ആയി. 8.6% അധികതുകയാണ് ഈ വകയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്.
ഇതേ കാലയളവില്‍ ലഭിച്ച ഇന്‍കം ടാക്‌സ് 18.2 ബില്യണ്‍ യൂറോയും, മൂല്യവര്‍ദ്ധിത നികുതി (VAT) 13.2 ബില്യണ്‍ യൂറോയുമാണ്.
കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനത്തിലും വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 10.9 ബില്യണ്‍ യൂറോയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് 2023-ല്‍ ലഭിച്ചത്. മുന്‍ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളെ അപേക്ഷിച്ച് 1.9 ബില്യണ്‍ യൂറോ അധികമാണിത്.
രാജ്യത്തെ സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു എന്നതിന് തെളിവാണ് വലിയ രീതിയില്‍ ടാക്‌സ് വരുമാനം ഉയര്‍ന്നതെന്ന് ധനമന്ത്രി Michael McGrath പറഞ്ഞു.
അതേസമയം നിലവില്‍ സര്‍ക്കാര്‍ ഖജനാവിലുള്ള മിച്ചം 700 മില്യണ്‍ യൂറോ ആണ്. മുന്‍വര്‍ഷം ടാക്‌സ് ഇനത്തില്‍ ലഭിച്ച 4 ബില്യണ്‍ യൂറോ, ഈ വര്‍ഷമാദ്യം National Reserve Fund-ലേയ്ക്ക് മാറ്റിയതോടെയാണ് ഖജനാവിലെ നീക്കിയിരിപ്പ് തുക കുറഞ്ഞതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.