ഇയർഫോണോ, ഹെഡ്ഫോണോ? ആരോഗ്യ പ്രശ്നം കൂടുതൽ ഏതിന്?

പ്രായഭേദമന്യേ സ്മാര്‍ട്ട്‌ഫോണ്‍, ഇന്നത്തെ ജനതയുടെ ഭാഗമായിക്കഴിഞ്ഞത് പോലെ തന്നെ ഒട്ടുമിക്കവരുടെയും നിത്യജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇയര്‍ഫോണുകളും ഹെഡ് ഫോണുകളും. സിനിമ കാണാന്‍, പാട്ട് കേള്‍ക്കാന്‍, ഫോണ്‍ വിളിക്കാന്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഇവയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇത്തരത്തില്‍ ഏറെ നേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല.

ഇയര്‍ഫോണുകള്‍ ചെവിക്കുള്ളിലും ഹെഡ്ഫോണുകള്‍ ചെവിക്ക് പുറത്തുമാണ് ഉപയോഗിക്കാറുള്ളത്.

ചെവിക്കകത്തേക്ക് ഇയര്‍ഫോണ്‍ തിരുകി വയ്ക്കുന്നത് നമ്മുടെ ചെവിക്കുള്ളിലെ വാക്സ് കൂടുതല്‍ ആഴത്തിലേക്ക് പോകുവാനും അവിടെ തടസമുണ്ടാകുന്നതിനും കാരണമായേക്കാം.

കൂടാതെ ഇയര്‍ഫോണിലെ ശബ്ദം നമ്മുടെ കര്‍ണ്ണപുടത്തിലേക്ക് നേരിട്ട് പതിക്കുന്നതിനാല്‍ ഇവയുടെ കാലങ്ങളായുള്ള ഉപയോഗം ചെവിയുടെ കേള്‍വി ശക്തിക്ക് സാരമായ തകരാറുകള്‍ സംഭവിക്കുന്നതിന് ഇടയായേക്കും. മാത്രമല്ല, ഇയര്‍ഫോണ്‍ ചെവിയെ പൂര്‍ണ്ണമായും അടക്കുക വഴി, നമ്മുടെ ചെവിയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നതിനും, അതുവഴി ചെവിയില്‍ അണുബാധ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്.

പഠനങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ ദീര്‍ഘകാലം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നോയിസ് ഇന്‍ഡ്യൂസ്ട് ഹിയറിംഗ് ലോസ് (എന്‍ഐഎച്ച്എല്‍) സാധ്യതയും വര്‍ധിപ്പിക്കുന്നു. ഇടക്കിടക്ക് ചെറിയ സമയത്തേക്ക് മാത്രം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ നമ്മെ സഹായിക്കും, കൂടാതെ മീറ്റിംഗ്, ക്ലാസുകള്‍ എന്നിവക്കായി ദീർഘനേര ഉപയോഗത്തിനായി ഇയര്‍ഫോണിനു പകരം ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നതാണ് ചെവിക്ക് കൂടുതല്‍ നല്ലത്.

Share this news

Leave a Reply

%d bloggers like this: