ഡബ്ലിനിൽ ഇനി കളി മാറും; നഗരം സുരക്ഷിതമാക്കാൻ സായുധ ഗാർഡ സേനയെ ഇറക്കി സർക്കാർ

ഡബ്ലിനില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചത് വലിയ വിവാദമായ സാഹചര്യത്തില്‍, നഗരത്തില്‍ ആയുധധാരികളായ ഗാര്‍ഡ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ 10 മില്യണ്‍ യൂറോ വകയിരുത്തി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് പട്രോളിങ് കൂടുതല്‍ ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആയുധധാരികളായ ഗാര്‍ഡയെ നിയോഗിക്കുന്നത്.

അസിസ്റ്റന്റ് ഗാര്‍ഡ കമ്മിഷണറായ Angela Willis ആണ് ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ പ്രദേശത്തെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ചില ദിവസങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയുക ലക്ഷ്യമിട്ട് പ്രത്യേക ഓപ്പറേഷനുകളും നടത്തും. ആകെ ഫണ്ടിന്റെ അഞ്ചില്‍ ഒരു ഭാഗവും നഗരത്തില്‍ കൂടുതല്‍ ഗാര്‍ഡ സേനയെ നിയോഗിക്കാനായാണ് ഉപയോഗിക്കുക.

യൂണിഫോം ധരിച്ച ഗാര്‍ഡ ഉദ്യോഗസ്ഥരെയും നഗരത്തില്‍ കൂടുതലായി വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എയര്‍ യൂണിറ്റ്, കുതിരസവാരി നടത്തുന്ന ഗാര്‍ഡ ഉദ്യോഗസ്ഥര്‍, ഡോഗ് യൂണിറ്റ്, റോഡ് പൊലീസിങ്, സായുധ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സഹായം നല്‍കും.

‘ഓപ്പറേഷന്‍ സിറ്റിസണ്‍’ എന്ന് പേരിട്ടിരിക്കുന്ന നടപടിയിലൂടെ പൊതുഗതാഗതസംവിധാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കും. നഗരത്തിലെ എല്ലാ പ്രദേശവും സുരക്ഷിതമാക്കുകയാണ് ഓപ്പറേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മക്കന്റീ വ്യക്തമാക്കി. നഗരത്തിലെ വടക്കന്‍ പ്രദേശത്തിന് മാത്രമായി Community Safety Plan വരും ആഴ്ചകളിലായി നടപ്പാക്കുകയും ചെയ്യും.

ഈയിടെയായി ഡബ്ലിനില്‍ വിദേശ ടൂറിസ്റ്റുകളടക്കം ആക്രമിക്കപ്പെടുകയും, പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് അയര്‍ലണ്ടിലെത്തുന്ന തങ്ങളുടെ പൗരന്മാരോട് അതീവജാഗ്രത പാലിക്കാന്‍ ഡബ്ലിനിലെ യുഎസ്, സ്പാനിഷ് എംബസികള്‍ മുന്നറിയിപ്പ് നല്‍കിയത് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ അയര്‍ലണ്ടിന് നാണക്കേടുണ്ടാക്കുകയും ചെയ്തു. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്ക് നേരെയും, ഗാര്‍ഡ സേനയ്ക്ക് നേരെയും വലിയ വിമര്‍ശനവുമുയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: