ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ഓണാഘോഷം ഗംഭീരമായി; അസോസിയേഷനിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവൻ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 24 വ്യാഴാഴ്ച മൗണ്ട് മെല്ലറിയിൽ വെച്ച് ഗംഭീരമായി നടത്തപ്പെട്ടു. ഡൺഗാർവൻ, കാപ്പക്വിൻ, ടാലോ തുടങ്ങിയ  മേഖലകളിൽ നിന്നുള്ള മലയാളികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഓണാഘോഷം അന്നേ ദിവസം രാവിലെ 11.30 മുതൽ വൈകിട്ട് 7 മണി വരെ നീണ്ടു.

ഓണപ്പൂക്കളമിട്ടുകൊണ്ട് ആരംഭിച്ച പരിപാടികളിൽ തിരുവാതിര, സിനിമാറ്റിക് ഡാൻസ് തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി വൈവിധ്യമാർന്ന കലാ പരിപാടികൾ നടത്തപ്പെട്ടു. വ്യത്യസ്തമായ നിരവധി ഓണക്കളികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ ഓണാഘോഷം.

കോർക്കിൽ നിന്നുള്ള ആന്റോ കാറ്ററിംഗ് ഒരുക്കിയ അസാദ്ധ്യ രുചിയുടെ ഗംഭീര ഓണസദ്യ ഏവർക്കും ആസ്വാദ്യകരമായി. ഓണാഘോഷ വിഡിയോകൾ ആദ്യാവസാനം മനോഹരമായി ചിത്രീകരിച്ചുകൊണ്ട് Maltakaran യൂട്യൂബ് ചാനൽ ആഘോഷപരിപാടികളിൽ നിറഞ്ഞു നിന്നു. ആവേശമുയർത്തി വടംവലി കൂടി ആയപ്പോൾ ഡൺഗാർവൻ മലയാളി അസോസിയേഷൻ അംഗങ്ങൾക്ക് മറക്കാനാവാത്ത ഓണം സമ്മാനിച്ചുകൊണ്ട് 2023 ഓണം അടുത്ത വർഷത്തേക്കായി വഴിമാറി.

12 വർഷത്തിലേറെയായി ഒരു ഫാമിലി ഗ്രൂപ്പ് എന്ന നിലയിൽ കമ്മ്യൂണിറ്റിക്ക് സ്തുത്യർഹ സേവനം അനുഷ്‌ഠിച്ചുവന്ന ഡൺഗാർവൻ മലയാളി അസോസിയേഷൻ, ഒരു സംഘടന എന്ന നിലയിലേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമുണ്ടായി. അസോസിയേഷൻ പ്രസിഡണ്ട് ആയി ശ്രീ ബിജു പോൾ, വൈസ് പ്രസിഡണ്ട് ശ്രീ ബിജു കുമാർ, സെക്രട്ടറിയായി ശ്രീ റോണി മാത്യു, ജോയിന്റ് സെക്രട്ടറി ശ്രീ ബിനോയ് കൈനരി തുടങ്ങിയവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് ടോം തോമസ്, സിജോ ജോർഡി, സോനു മാത്യൂസ് ജോർജ്ജ്, ക്രിസ്റ്റീന ബോബി, രാജീവ് തോമസ്, പോൾ ജോർജ്ജ്, ബസ്സി ആലുക്ക, ബിജോ ആൽബർട്ട് തുടങ്ങിയവരെയും തിരഞ്ഞെടുക്കുകയുണ്ടായി.

അസോസിയേഷൻ ഓഡിറ്റർ ആയി ശ്രീ മെൽവിൻ തോമസിനെ ചുമതലപ്പെടുത്തി. സംഘടനയുടെ കൂടുതൽ വിപുലീകരണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അസ്സോസിയേഷൻ പേരായ Dungarvan Malayali Association ®  2023-ന് ജനുവരി 1 മുതൽ രജിറ്റേർഡ് ട്രേഡ്മാർക്ക് ആയി അംഗീകാരം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഈയൊരു പേരിൽ കായിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള അവകാശം Dungarvan Malayali Association ®-ൽ നിക്ഷിപ്തമായിരിക്കും.

Share this news

Leave a Reply

%d bloggers like this: