ഐറിഷ് റോഡുകളിൽ അപകടങ്ങൾ നിലയ്ക്കുന്നില്ല; വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നീക്കം

അയര്‍ലണ്ടില്‍ ഈയിടെയായി റോഡപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യമെമ്പാടുമുള്ള റോഡുകളിലെ പരമാവധി വേഗത പരിമിതപ്പെടുത്താന്‍ നീക്കം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം വൈകാതെ തന്നെ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് RTE Radio One-ല്‍ സംസാരിക്കവെ ഗതാഗതമന്ത്രി Eamon Ryan വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍, മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ എന്നിവരും കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍, റോഡുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടങ്ങള്‍ കുറയ്ക്കാന്‍, റൂറല്‍ റോഡുകളില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന ഗാര്‍ഡ റോഡ്‌സ് പൊലീസിങ് അസിസ്റ്റന്റ് കമ്മിഷണര്‍ Paula Hilman-ന്റെ അഭിപ്രായത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. റോഡില്‍ ചെക്കിങ്ങിനായി കൂടുതല്‍ ഗാര്‍ഡകളെ നിയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, റോഡ് സുരക്ഷയെ പറ്റി കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്നും Hilman കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഈ വര്‍ഷം 125 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 പേരും, 2019-നെ അപേക്ഷിച്ച് 39 പേരും അധികമായി മരിച്ചു. ഈ വര്‍ഷം റോഡില്‍ ജീവന്‍ നഷ്ടമായവരില്‍ മൂന്നിലൊന്നും 25-ന് താഴെ പ്രായമുള്ളവരാണ്. 600 ഗുരുതര അപകടങ്ങളും ഈ വര്‍ഷം നടന്നു.

അമിതവേഗതയ്ക്ക് പുറമെ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുള്ള ഡ്രൈവിങ്, വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ, വീഡിയോ കാണുകയോ ചെയ്യുന്നത് എന്നിവയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

നിങ്ങള്‍ ഒരു വാഹനത്തിലെ യാത്രക്കാരന്‍/യാത്രക്കാരി ആണെങ്കില്‍ പോലും, വാഹനം അമിതവേഗതയിലാണെങ്കില്‍ ഓടിക്കുന്നയാളോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് മുതിര്‍ന്ന ഗാര്‍ഡ ഉദ്യോഗസ്ഥനായ Superintendent Liam Geraghty പറഞ്ഞു. അതേസമയം വേഗത കുറയ്ക്കുക എന്നത് തന്നെയാണ് അടിസ്ഥാനപരമായ കാര്യം. ഡ്രൈവിങ് ലൈസന്‍സ് എന്നാല്‍ അവകാശമല്ലെന്നും, മറിച്ച് ഒരു പ്രിവിലേജാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനിടെ ഡബ്ലിനില്‍ വ്യാഴാഴ്ച രാത്രി ഒരു ചെറുപ്പക്കാരന്‍ കൂടി വാഹനാപകടത്തില്‍ മരിച്ചു. രാത്രി 11.30-ഓടെ ഡബ്ലിന്‍ 1-ലെ Amiens Street- Store Street ജങ്ഷനിലാണ് ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ 20-ലേറെ പ്രായമുള്ളയാള്‍ മരിച്ചത്.

Share this news

Leave a Reply

%d bloggers like this: