ഒരു തവണ പോലും ടോൾ നൽകാതെ M50-യിലൂടെ 500 യാത്രകൾ; ഡ്രൈവർക്ക് 19,000 യൂറോ പിഴ വിധിച്ച് കോടതി

അയര്‍ലണ്ടിലെ M50-യില്‍ ടോള്‍ നല്‍കാതെ മുങ്ങിനടന്ന 26 പേര്‍ക്ക് വമ്പന്‍ തുക പിഴ വിധിച്ച് ഡബ്ലിന്‍ ജില്ലാ കോടതി. 500 തവണയോളം M50 വഴി യാത്ര ചെയ്തിട്ടും ഒരു തവണ പോലും ടോള്‍ നല്‍കാത്ത കേസും ഇതില്‍ പെടുന്നു. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സംഭവങ്ങളിലാണ് വാദം നടന്നത്.

രാജ്യത്തെ പൊതുഗതാഗതപരിപാലനം നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് (TII) ആണ് ടോള്‍ നല്‍കാതെ മുങ്ങുന്നവര്‍ക്കെതിരെ കേസുമായി കോടതിയിലെത്തിയത്. ഇതിന് മുമ്പ് ടോള്‍ അടയ്ക്കണമെന്ന് കാട്ടി നൂറുകണക്കിന് കത്തുകള്‍ അയച്ചിട്ടും മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് അധികൃതര്‍ കര്‍ശന നടപടികളിലേയ്ക്ക് കടന്നത്.

5,000 മുതല്‍ 19,000 യൂറോ വരെ 26 പേരില്‍ നിന്നും ആകെ പിഴത്തുകയായി 379,000 ഈടാക്കാനാണ് കോടി ഉത്തരവിട്ടത്. ഇതിന് പുറമെ ഓരോരുത്തരും പ്രോസിക്യൂഷന്‍ ഫീസായി 350 യൂറോ വീതവും അടയ്ക്കണം.

ഇതിനിടെ ടോള്‍ പിരിവ് നടത്താന്‍ TII-ക്ക് അധികാരമില്ലെന്ന് കാട്ടി നിയമലംഘകരിലൊരാളായ കില്‍ക്കെന്നി സ്വദേശി Stephen Delaney എന്നയാള്‍ കോടതിയില്‍ മറുവാദവുമായി എത്തിയിരുന്നു. ഏഴ് തവണ ടോള്‍ നല്‍കാതെ യാത്ര ചെയ്‌തെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്. AD 1192 മുതല്‍ അയര്‍ലണ്ടില്‍ രാജഭരണത്തിന്‍ കീഴില്‍ ഉണ്ടായിരുന്ന നിയമങ്ങളെ പറ്റിയുള്ള ഇയാളുടെ വാദഗതികള്‍ തള്ളിയ കോടതി, ഇയാളോട് പിഴയായി 1,077 യൂറോയും, നിയമനടപടികളുടെ ചെലവും നല്‍കാന്‍ ഉത്തരവിട്ടു.

M50 ഉപയോഗിക്കുന്ന സ്വകാര്യ കാറുകളുടെ ടോള്‍ ചാര്‍ജ്ജ് 3.20 യൂറോയാണ്. അടുത്ത ദിവസം രാത്രി 8 മണിക്ക് മുമ്പായാണ് ഇത് അടയ്‌ക്കേണ്ടത്. അതിന് സാധിക്കാതെ വന്നാല്‍ 3 യൂറോ പിഴയായി അധികം അടയ്‌ക്കേണ്ടി വരും. ഇതും അടയ്ക്കാതെ പിഴത്തുക കുമിഞ്ഞുകൂടുകയും, കത്തുകള്‍ക്ക് മറുപടി നല്‍കാതിരിക്കുകയും ചെയ്താലാണ് TII നിയമനടപടികളിലേയ്ക്ക് കടക്കുക.

Share this news

Leave a Reply

%d bloggers like this: