അയർലണ്ടിലെ മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14-ന് ബ്‌ളാക്ക്‌റോക്കിൽ

ഡബ്ലിൻ: സീറോ മലബാർ സഭ കമ്മ്യൂണിറ്റി ബ്‌ളാക്ക്റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷൻ അയർലണ്ട്-ബ്‌ളാക്ക്‌റോക്ക് മേഖലയുടെ  പ്രവേശനോത്സവം ഒക്ടോബർ 14-ന് ഡബ്ലിനിലെ ബ്‌ളാക്ക്‌റോക്കിൽ വെച്ച് നടക്കുന്നു. സെന്റ് ജോസഫ് SMCC ബ്‌ളാക്ക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ന്യൂടൗൺ പാർക്ക് പാസ്റ്ററൽ സെന്ററിൽ വെച്ചാണ് പ്രവേശനോത്സവം.

പാട്ടും, കവിതയും, കേരള തനിമ വിളിച്ചോതുന്ന കലാപരിപാടികളോടെയുമാണ് മലയാളം പഠിക്കാനെത്തുന്ന കുഞ്ഞുമക്കളെ സ്വീകരിക്കുന്നത്. മലയാളം മിഷൻ ഡയറക്ടർ പ്രശസ്ത കവി മുരുകൻ കാട്ടാക്കട, സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കും.  

പ്രവാസി മലയാളികളുടെ കുട്ടികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കേരള ഗവണ്മെൻറ് സാംസകാരിക വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേന്ദ്രത്തിൽ 30-ൽ അധികം കുട്ടികളും പരിശീലനം നേടിയ 11 അദ്ധ്യാപകരും ഉണ്ട്. റവ. ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ രക്ഷാധികാരിയും അഡ്വ. സിബി ചീഫ് കോർഡിനേറ്ററും, അനീഷ്‌ വി ചെറിയാൻ പ്രസിഡന്റും, ബിനു ജോസഫ് ജനറൽ സെക്രട്ടറിയുമായ 19 അംഗ മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് മലയാളം മിഷൻ ക്ളാസുകൾ നടക്കുന്നത്.

മലയാളം പഠിപ്പിക്കുന്ന ടീച്ചർമാർക്ക് ഒരു വർഷം പൂർത്തിയാക്കുന്നതനുസരിച്ച് കേരള സർക്കാരിന്റെ ‘സർക്കാർ ഐഡന്റിറ്റി കാർഡ്’ വിതരണം ചെയ്യും.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ നാല് കോഴ്സു്കൾ പത്ത് വർഷം നീളുന്നതാണ്. സർക്കാർ നൽകുന്ന ഭാഷാ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്ന തരത്തിലാണ് പുതിയ പാഠ്യപദ്ധതി.

മലയാളം പഠിക്കാൻ ഇനിയും ആർക്കങ്കിലും താൽപര്യം ഉണ്ടെങ്കിൽ അതിനുള്ള അവസരം ഉണ്ടായിരിക്കുമെന്നും, കൂടുതൽ വിവരങ്ങൾക്ക് അനീഷ് 0892606282, ബിനു (സെക്രട്ടറി) 0870558898, സിബി 0894433676 എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: