‘എന്റെ മലയാളത്തിന്റെ’ അയർലണ്ടിലെ പുതിയ അദ്ധ്യയന വർഷം പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

വാട്ടർഫോർഡ്: പ്രവാസി മലയാളികൾക്കായി മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷപഠന പദ്ധതിയായ “എൻറെ മലയാളത്തിന്റെ” പുതിയ അദ്ധ്യയന വർഷത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി  പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) ഭാഗമായി പ്രവർത്തിക്കുന്ന ‘എന്റെ മലയാളം ‘ കഴിഞ്ഞ ഏഴു വർഷക്കാലമായി വാട്ടർഫോഡിൽ സജീവമായി പ്രവർത്തിക്കുന്നു.

വാട്ടർഫോർഡിലെ Farronshoneen Youth and Community Center-ൽ  വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ പ്രവർത്തന രീതികളെ പറ്റി മലയാളത്തിന്റെ പ്രിയ കവി രക്ഷിതാക്കൾക്കും കുട്ടികൾക്കും വിശദമായ ക്ലാസുകൾ നൽകി. മലയാളഭാഷയുടെ പ്രാധാന്യം വേറിട്ട രീതിയിൽ അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു നൽകിയത് വ്യത്യസ്തമായ അനുഭവമായിരുന്നു.

ഭാഷാ പഠന സർട്ടിഫിക്കറ്റുകൾ ഭാവിയിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതുമായി ബന്ധപ്പെട്ട കേരള സർക്കാർ പരിപാടികളെ സംബന്ധിച്ചും വിശദമായി പുതുതലമുറ കവികളിൽ പ്രധാനിയായ  മുരുകൻ കാട്ടാക്കട സംസാരിച്ചു.

അമ്പതിൽപരം കുട്ടികൾ ആദ്യദിനം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി. എല്ലാ ശനിയാഴ്ചയും രണ്ടു മണി മുതൽ ഒരു മണിക്കൂറാണ് മലയാളം ക്ലാസ് നടത്തുന്നത്. രണ്ടാം ക്ലാസിലെയും അതിനു മുകളിലുള്ള എല്ലാ കുട്ടികളെയും മലയാളം ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നതായി എൻറെ മലയാളം ഭാരവാഹികൾ അറിയിച്ചു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമായി നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

പ്രവേശനോത്സവത്തിൽ എൻറെ മലയാളം കോർഡിനേറ്റർ ജയ പ്രിൻസ് സ്വാഗതവും, ടോം നെല്ലുവേലി നന്ദിയും പറഞ്ഞു. പങ്കെടുത്ത കുട്ടികൾക്കും പിന്തുണ നൽകിയ മാതാപിതാക്കൾക്കും വോളണ്ടിയേഴ്സിനും വാട്ടർഫോർഡ് മലയാളി അസോസിയേഷനും എന്റെ മലയാളം ടീമും നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: