കളമശ്ശേരിയിൽ നടന്ന സ്ഫോടനം ആസൂത്രിതം; പൊട്ടിത്തെറിച്ചത് ടിഫിൻ ബോംബ്; എൻഐഎ രംഗത്ത്

കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ 9.40-ഓടെ നടന്ന സ്‌ഫോടനം ടിഫിന്‍ ബോക്‌സില്‍ സ്ഥാപിച്ച ബോംബ് ഉപയോഗിച്ചായിരുന്നുവെന്നും, IED (Improvised Explosive Device) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2,400-ഓളം പേര്‍ പങ്കെടുത്ത് നടക്കുന്ന യഹോവസാക്ഷികളുടെ മേഖലാ സംഗമത്തിനിടെ നടന്ന സ്‌ഫോടനം ഭീകരാക്രമണമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആസൂത്രിതമായ ആക്രമണമാണെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം വ്യക്തമാകുന്നത്.

ശക്തി കുറഞ്ഞ സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറി നടത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. IED ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നതെന്നതിനാല്‍, വൈദഗ്ദ്ധ്യം ലഭിച്ച ഒരാള്‍ക്ക് മാത്രമേ ഇത്തരം ബോംബ് നിര്‍മ്മിക്കാന്‍ കഴിയൂ എന്ന സാധ്യതയിലേയ്ക്ക് ഇത് വിരല്‍ചൂണ്ടുന്നു. എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പൊട്ടിത്തെറിയെ തുടര്‍ന്ന് തീപടര്‍ന്നിരുന്നു. ദേഹത്ത് തീ പടര്‍ന്നത് കാരണമാണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന അഞ്ച് പേര്‍ക്ക് ഗുരുതരമായ പൊള്ളലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തവണയോളം പൊട്ടിത്തെറികളുണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഹാളിന്റെ മദ്ധ്യഭാഗത്ത് വച്ചാണ് ബോംബുകള്‍ പൊട്ടിത്തെറിച്ചത്.

സംഭവത്തെത്തുടര്‍ന്ന് എറണാകുളം റെയില്‍വേ സ്റ്റേഷന്‍, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

മുമ്പ് എറണാകുളം കലക്ടറേറ്റിലും സമാനമായ സ്‌ഫോടനം നടന്നിരുന്നെങ്കിലും, ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: