അയർലണ്ടിൽ ഡോക്ടറുടെ പുതിയ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ 12 മാസത്തേയ്ക്ക് മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് അധികാരം

അയര്‍ലണ്ടില്‍ ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കിയ മരുന്നുകള്‍, അവരുടെ നിര്‍ദ്ദേശമില്ലാതെ തന്നെ വീണ്ടും അടുത്ത 12 മാസത്തേയ്ക്ക് കൂടി നീട്ടിനല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കുന്നു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി.

അടുത്ത വര്‍ഷം മാര്‍ച്ച് 1 മുതല്‍, രോഗികള്‍ക്ക് ഡോക്ടറെ കാണാതെ തന്നെ നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ അടുത്ത 12 മാസത്തേയ്ക്ക് കൂടി തുടര്‍ന്നും നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം ലഭിക്കും. ഡോക്ടര്‍മാരെ കാണാനായി ആഴ്ചകള്‍ കാത്തിരിക്കുന്നത് ഒഴിവാക്കാനും, ഡോക്ടര്‍മാരുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

പക്ഷേ ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരമുള്ള എല്ലാ മരുന്നുകളും ഇത്തരത്തില്‍ പുതിയ കുറിപ്പടിയില്ലാതെ നീട്ടിനല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരമില്ല. ബ്ലഡ് പ്രഷര്‍ പോലുള്ള അസുഖങ്ങള്‍, വായിലൂടെ കഴിക്കാവുന്ന ഗര്‍ഭനിരോധനമരുന്നുകള്‍ മുതലായവ മാത്രമേ ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കൂ. അതായത് സ്ഥിരമായി ഡോക്ടറുടെ മേല്‍നോട്ടം ആവശ്യമില്ലാത്ത മരുന്നുകള്‍ ഇത്തരത്തില്‍ നല്‍കാം.

അതേസമയം ഇത്തരത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്നുകള്‍ നീട്ടിനല്‍കുകയും, രോഗികള്‍ക്ക് അതുകാരണം എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ ഉത്തരവാദികള്‍ ആരായിരിക്കുമെന്ന തരത്തില്‍ വിമര്‍ശനമുയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: